TOPICS COVERED

എലി കടിച്ചതിനെ തുടർന്ന് വാക്‌സിൻ എടുത്ത പെൺകുട്ടിയുടെ കൈകാലുകൾ തളർന്നതായി റിപ്പോർട്ട്. തെലങ്കാനയിലെ ഖമ്മം പട്ടണത്തിലാണ് സംഭവം. ബിസി വെൽഫെയർ ഹോസ്റ്റലിൽ താമസിക്കുന്ന പത്താം ക്ലാസ് വിദ്യാർഥിനി സമുദ്ര ലക്ഷ്‌മി ഭവാനി കീര്‍ത്തിക്കാണ്  ഇത്തരത്തിലൊരു ദുരവസ്ഥ ഉണ്ടായത്. ആന്റി റാബിസ് വാക്‌സിൻ ഓവർ ഡോസായതാണ് പെൺകുട്ടിയുടെ അവസ്ഥക്ക് കാരണമെന്നാണ് റിപ്പോർട്ട്.

വിദ്യാര്‍ഥിനിക്ക് മുന്‍പും എലിയുടെ കടി ഏറ്റിട്ടുണ്ട്. ഹോസ്റ്റലില്‍ വച്ചാണ് അന്നും കടിയേറ്റത്. അന്നും പെണ്‍കുട്ടി പ്രതിരോധ വാക്സിന്‍ എടുത്തിരുന്നു. ഞായറാഴ്ച വീണ്ടും കടിയേറ്റതിനെ തുടര്‍ന്ന് ഹോസ്റ്റല്‍ ജീവനക്കാര്‍ കുട്ടിയുടെ അമ്മയെ വിവരമറിയിച്ചു. ആരോഗ്യനില വഷളായപ്പോള്‍ പെണ്‍കുട്ടിയെ വിദഗ്‌ധ ചികിത്സക്കായി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സ നടക്കുന്നതിനിടെ പെൺകുട്ടിയുടെ കൈകൾക്കും കാലിനും തളർച്ച അനുഭവപ്പെടുകയായിരുന്നു. നിലവിൽ കുട്ടിയുടെ ആരോഗ്യനില തൃപ്‌തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. 

ഹോസ്റ്റലിലെ വൃത്തിയില്ലായ്‌മ തന്നെയാണ് കുട്ടിയുടെ അവസ്ഥക്ക് കാരണമെന്നാണ് കുടുംബം ആരോപിക്കുന്നത്. കുട്ടിക്ക് വാക്‌സിൻ ഓവർ ഡോസ് ആയതിൽ ആരോഗ്യപ്രവർത്തകരും വിമർശനങ്ങൾ നേരിടുന്നുണ്ട്. അതേസമയം,സംഭവത്തിൽ വകുപ്പുതല അന്വേഷണത്തിന് ജില്ലാ കലക്ടർ മുസമ്മിൽ ഖാൻ ഉത്തരവിട്ടു. കുട്ടിയെ എലി കടിച്ച സംഭവം അന്വേഷിക്കാനും തെലങ്കാനയിലെ ഹോസ്റ്റലുകളിലെ കർശനമായ മേൽനോട്ടം, വിദ്യാർത്ഥികളുടെ സുരക്ഷ എന്നിവ കൂടുതൽ ഗൗരവത്തോടെ പരിശോധിച്ച് നടപടിയെടുക്കുമെന്ന് അധികൃതർ അറിയിച്ചു.

ENGLISH SUMMARY:

It has been reported that the arms and legs of a girl became paralyzed after receiving a vaccine following a rat bite