ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്‍ പാര്‍ലമെന്‍റ് പാസാക്കിയാലും കോടതിയില്‍ ചോദ്യംചെയ്യപ്പെട്ടേക്കാമെന്ന് ഭരണഘടന വിദഗ്ധര്‍. ഫെഡറലിസം ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളില്‍ ഒന്നാണ്. പാര്‍ലമെന്‍റിന്‍റെ കാലാവധിയെ ആശ്രയിച്ചാവരുത് സംസ്ഥാന നിയമസഭകളുടെ കാലാവധി എന്നും ബില്ലിനെ എതിര്‍ക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു.
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്‍ യാഥാര്‍ഥ്യമായാല്‍ ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പുകളും നടത്തേണ്ടിവരും. ഇടക്കാല തിരഞ്ഞെടുപ്പ് വേണ്ടിവന്നാല്‍ പിന്നീട് വരുന്ന സഭയ്ക്ക് അഞ്ചുവര്‍ഷ കാലാവധി ഉണ്ടാവുകയുമില്ല.
ഫലത്തില്‍ ലോക്സഭ തിരഞ്ഞെടുപ്പിനെ ആശ്രയിച്ചായിരിക്കും നിയമസഭകളുടെ കാലാവധി. ഇത് ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളുടെ ലംഘനമാണെന്നാണ് ഭരണഘടനാ വിദഗ്ധര്‍ പറയുന്നത്. അതുകൊണ്ടുതന്നെ കോടതിയില്‍ ചോദ്യംചെയ്യപ്പെട്ടേക്കാം.
1967 വരെ ലോക്സഭാ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒരു മിച്ച് നടത്തിയിരുന്നെങ്കിലും അത് നിയമം മൂലം നിര്‍ബന്ധമാക്കിയിരുന്നില്ല. അതേസമയം ബില്‍ നിയമസഭകളുടെ അവകാശം കവരുന്നില്ലെന്നാണ് കേന്ദ്ര നിയമമന്ത്രി ഇന്നലെ പറഞ്ഞത്.
ബില്‍ പാസാവാന്‍ ഇനിയും സമയമെടുക്കും എന്നതിനാല്‍ തല്‍ക്കാലം ഇക്കാര്യത്തില്‍ നിയമനടപടികള്‍ ഉണ്ടാവില്ലെന്ന് ഉറപ്പിക്കാം.