ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബിൽ അവതരണം നീട്ടിവച്ച് കേന്ദ്രസർക്കാർ. ലോക്സഭയിലെ നാളത്തെ നടപടിക്രമങ്ങളുടെ പുതുക്കിയ പട്ടികയിൽ ബിൽ അവതരണം ഒഴിവാക്കി. സാമ്പത്തിക കാര്യങ്ങൾ മാത്രമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
കേന്ദ്രമന്ത്രിസഭയുടെ അംഗീകാരത്തിന് പിന്നാലെയാണ് നാളെ ലോക് സഭയിൽ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബിൽ അവതരിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്. നാളത്തെ സഭാ നടപടികളുടെ പട്ടികയിൽ ഇത് ഉൾപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ ഇന്ന് പുറത്തിറക്കിയ പുതുക്കിയ പട്ടികയിൽ ബിൽ അവതരണം ഒഴിവാക്കുകയായിരുന്നു. കേന്ദ്രഭരണപ്രദേശങ്ങളുടെ കാലാവധിയില്‍ മാറ്റം വരുത്തുന്ന ബില്ലും പട്ടികയിൽ ഇല്ല. ഗ്രാൻഡ് അനുവദിക്കുന്നതടക്കം സാമ്പത്തിക കാര്യങ്ങൾക്ക് മുൻഗണന കൊടുക്കാനാണ് സർക്കാർ തീരുമാനം. അവ പൂർത്തിയാക്കിയ ശേഷം ബിൽ അവതരണത്തിലേക്ക് കടക്കും. ബില്ലിനെ ശക്തമായി എതിർക്കുമെന്ന് ഇന്ത്യ സഖ്യം വ്യക്തമാക്കിയിട്ടുണ്ട്
ലോക്സഭ നിയമസഭ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ചും നൂറ് ദിവസത്തിനുള്ളില്‍ തദ്ദേശ തിരഞ്ഞെടുപ്പും നടത്താനാണ് ബില്ലിലെ നിര്‍ദേശം. കാലാവധി പൂര്‍ത്തിയാവും മുന്‍പ് ലോക്സഭയോ നിയമസഭകളോ പിരിച്ചുവിടേണ്ടിവന്നാല്‍ ഇടക്കാല തിരഞ്ഞെടുപ്പ് നടത്താം. പക്ഷേ അഞ്ചുവര്‍ഷ കാലാവധി ഉണ്ടാവില്ല. 2034 ലിലേ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് യാഥാര്‍ഥ്യമാവു.