പാർലമെന്‍റ് കവാടത്തിലെ സംഘർഷത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടണമെന്ന ആവശ്യം ആവർത്തിച്ച് കോൺഗ്രസ്. ദൃശ്യങ്ങൾ ക്രൈംബ്രാഞ്ച് പരിശോധിക്കണം.കോൺഗ്രസ് പരാതിയിൽ കേസെടുക്കാത്തത് എന്തുകൊണ്ടെന്നും കോൺഗ്രസ് ചോദിച്ചു. അതേസമയം അംബേദ്കറെ അപമാനിച്ചതിൽ സമാജ്‌വാദി പാർട്ടി യുപിയിൽ ഉടനീളം പ്രതിഷേധം തുടരുകയാണ്.
മകര കവാടത്തിലെ സംഘർഷo നടന്ന് ദിവസം നാലാകുന്നു. യഥാർത്ഥത്തിൽ സംഭവിച്ചതെന്തെന്ന് വ്യക്തമാകുന്ന ഏക തെളിവ് സിസിടിവി ദൃശ്യങ്ങളാണ്. പ്രതിപക്ഷ നേതാവിനെതിരെ ബിജെപി വനിതാ എംപി കയ്യേറ്റ ആരോപണം ഉന്നയിച്ചിട്ടും സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടാൻ സർക്കാർ തയ്യാറാകാത്തത് എന്തുകൊണ്ടാണെന്നാണ് കോൺഗ്രസ് ചോദ്യം. രാഹുൽ ഗാന്ധിക്കെതിരായ ബിജെപി വനിതാ എംപിയുടെ പരാതി ഏറ്റെടുത്ത ക്രൈം ബ്രാഞ്ച് എത്രയും പെട്ടെന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
രാഹുൽ ഗാന്ധിക്കെതിരെ ഓരോ ദിവസവും കുരുക്കു മുറുകുകയാണ്. ഇന്നലെ വിഷയത്തിൽ സ്വമേധയാ കേസടുത്ത വനിതാ കമ്മീഷൻ വനിതാ എംപിമാരുടെ സുരക്ഷ ഉറപ്പാക്കാൻ കർശന നടപടി സ്വീകരിക്കാൻ സ്പീക്കർക്കും രാജ്യസഭാ അധ്യക്ഷൻ നിർദ്ദേശം നൽകിയിട്ടുണ്ട്. എസ്.സി- എസ്.ടി കമ്മീഷനും ഉടൻ വിഷയത്തിൽ ഇടപെട്ടേക്കും. രാഹുൽ ഗാന്ധിയെ കയ്യേറ്റം ചെയ്തെന്നാരോപിച്ച് ബി.ജെ.പി. അംഗങ്ങൾക്കെതിരെ കോൺഗ്രസ് നൽകിയ പരാതിയും ക്രൈംബ്രാഞ്ചിന് വിട്ടിട്ടുണ്ട്.