സംഭവബഹുലമായ ശൈത്യകാല സമ്മേളനം അവസാനിപ്പിച്ച് പാർലമെന്‍റ് അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. ആരോപണ പ്രത്യാരോപണങ്ങൾ കയ്യാങ്കളിയിലെത്തിയ സമ്മേളനത്തിൽ കാര്യമായ കാര്യപരിപാടികൾ നടന്നില്ല. ഒറ്റ തിരഞ്ഞെടുപ്പ് ബിൽ അവതരിപ്പിച്ച് ജെപിസിക്ക് വിട്ടത് സർക്കാരിന് നേട്ടമായി.
അദാനി, സംഭൽ വിഷയങ്ങളിൽ ചർച്ച ആവശ്യപ്പെട്ടായിരുന്നു സമ്മേളനത്തിന്‍റെ ആദ്യ ദിനങ്ങളിൽ പ്രതിപക്ഷ പ്രതിഷേധം. ജോർജ് സോറോസ് - കോൺഗ്രസ് ബന്ധമുയർത്തി ഭരണപക്ഷം പ്രതിരോധിച്ചതോടെ തുടർച്ചയായി സഭാ നടപടികൾ തടസപ്പെട്ടു. ഭരണഘടനയുടെ എഴുപത്തിയഞ്ചാം വാർഷികവുമായി ബന്ധപ്പെട്ട് പ്രത്യേക ചർച്ചയെന്ന പ്രതിപക്ഷ ആവശ്യം സർക്കാർ അംഗീകരിച്ചതോടെ സഭാനടപടികൾ മുന്നോട്ട്.
ചർച്ച കോൺഗ്രസിനെ കടന്നാക്രമിക്കാനുള്ള അവസരമായി ഭരണപക്ഷം ഉപയോഗിച്ചെങ്കിലും രാജ്യസഭയിൽ അമിത് ഷാ നടത്തിയ പരാമർശം തിരിച്ചടിച്ചു. അമിത് ഷായുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തെ പ്രതിരോധിക്കാൻ NDA ഇറങ്ങിയതോടെ ഇതുവരെ കാണാത്ത നാടകീയതകൾക്കാണ് പാർലമെന്‍റ് പരിസരം സാക്ഷിയായത്. പ്രതിഷേധങ്ങൾക്കിടയിലും ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബിൽ അവതരിപ്പിച്ചതും ദുരന്ത നിവാരണ ഭേദഗതി ബിൽ, ബാങ്കിങ് നിയമ ഭേഭഗതി ബിൽ, റെയിൽവെ ബിൽ തുടങ്ങിയവ പാസാക്കാനായതും നേട്ടമായി.