റിപ്പബ്ലിക് ദിനത്തിൽ അമൃത്സറില്‍ അംബേദ്കർ പ്രതിമ ആക്രമിച്ചതിൽ അന്വേഷണം വിപുലമാക്കി പൊലിസ്. ഏണിവച്ച് മുകളില്‍ കയറിയ അക്രമി ചുറ്റികകൊണ്ട് പ്രതിമയുടെ മുഖം അടിച്ചുതകര്‍ത്തു. പിന്നാലെ ഇയാളെ പിടികൂടുകയും ചെയ്തു.
എന്നാല്‍ പൊലീസ് സ്റ്റേഷന് തൊട്ടുമുമ്പിലാണ് ആക്രമണം നടന്നതെന്നും ആം ആദ്മി പാര്‍ട്ടിക്കും അരവിന്ദ് കേജ്‌രിവാളിനും അംബേദ്കറോടുള്ള നിലപാടാണ് ഇത് വ്യക്തമാക്കുന്നതെന്നും ബി.ജെ.പി. വക്താവ് സംപിത് പാത്ര കുറ്റപ്പെടുത്തി.
ഡല്‍ഹിയില്‍ അരവിന്ദ് കേജ്‌രിവാളിന്‍റെ വസതിയിലേക്ക് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ വീരേന്ദ്ര സച്ച്ദേവയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തി. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. അതേസമയം പ്രതിമ ആക്രമിച്ചത് അപലപനീയമാണെന്നും പ്രതിക്ക് ശിക്ഷ ഉറപ്പാക്കുമെന്നും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ പറഞ്ഞു.
പ്രതിമ തകര്‍ക്കപ്പെട്ടതിന് ഉത്തരവാദി എ.എ.പി സര്‍ക്കാരാണെന്ന് ബി.എസ്.പി. അധ്യക്ഷ മായാവതിയും പഞ്ചാബില്‍ ക്രമസമാധാനം തകര്‍ന്നെന്ന് ശിരോമണി അകാലിദളും കുറ്റപ്പെടുത്തി.