തമിഴ്നാട്ടിലെ തിരുനെല്‍വേലിയില്‍ തള്ളിയ സംസ്ഥാനത്തു നിന്നുള്ള ആശുപത്രി മാലിന്യം നീക്കം ചെയ്യുന്നു. ക്ലീന്‍ കേരള കമ്പനി ഉദ്യോഗസ്ഥരും തിരുവനന്തപുരം നഗരസഭ ജീവനക്കാരും തിരുനല്‍വേലിയിലെത്തിയാണ് മാലിന്യം സംസ്ഥാനത്തേക്ക് തിരികെയെത്തിക്കുന്നത്. മാലിന്യം തള്ളിയതിൽ ഒരു മലയാളി ഉൾപ്പെടെ രണ്ടു പേർ കൂടി പിടിയിലായതോടെ അറസ്റ്റിലായവരുടെ എണ്ണം നാലായി. മാലിന്യങ്ങള്‍ തിരുനല്‍വേലിയിലെ കൃഷിയിടങ്ങളില്‍ വ്യാപകമായി തള്ളിയിരിക്കുന്നതും മൃഗങ്ങള്‍ ഭക്ഷിക്കുന്നതുമായ ദൃശ്യങ്ങള്‍ മനോരമ ന്യൂസ് സംപ്രേക്ഷണം ചെയ്തിരുന്നു.
കേരളത്തിൽ നിന്നുള്ള 70 അംഗ ഉദ്യോഗസ്ഥ സംഘം 16ലോറികളികളുമായെത്തിയാണ് മാലിന്യം നീക്കം ചെയ്തത്. മണ്ണുവാരി യന്ത്രം ഉപയോഗിച്ചാണ് മാലിന്യം ലോറിയിലേക്കു മാറ്റി വലിയ ടാർപോളിൻ ഉപയോഗിച്ചു മൂടിയാണ് കൊണ്ടുപോയത്. അസിസ്റ്റന്‍റ് കലക്ടർ സാക്ഷി മോഹൻമാലിന്യ നീക്കത്തിനു മേൽ നോട്ടം വഹിച്ചു. തമിഴ്നാട്ടിലെ ആരോഗ്യ, പഞ്ചായത്ത്, മലിനീകരണ നിയന്ത്രണ ഉദ്യോഗസ്ഥരും സ്ഥലത്തുണ്ടായിരുന്നു.മാലിന്യം നീക്കം ചെയ്തത് ചീഫ് സെക്രട്ടറി ഹരിത ട്രിബ്യൂണലിനെയും അറിയിക്കും.
ഇന്നലെ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് മാലിന്യനീക്കത്തിന് ക്ലീന്‍ കേരള കമ്പനിയെ ചുമതലപ്പെടുത്തിയത്.
മാലിന്യത്തിൽ തമിഴ്നാട്ടിലെ ഗ്രാമങ്ങളില്‍ പ്രതിഷേധം കനത്തതോടെ മൂന്ന് ദിവസത്തിനകം മാലിന്യം നീക്കണമെന്ന് ദേശീയ ഹരിത ട്രിബ്യൂണല്‍ സംസ്ഥാനത്തോട് നിര്‍ദേശിച്ചിരുന്നു. അതിനിടെ മാലിന്യ നിക്ഷേപത്തിൽ കണ്ണൂർ സ്വദേശി നിതിൻ ജോർജും മാലിന്യം കൊണ്ടുവന്ന ലോറിയുടെ ഉടമ ചെല്ലത്തുറൈയും അറസ്റ്റിലായി. നേരത്തെ തിരുനെൽവേലി സ്വദേശികൾആയ 2 ഏജന്റുമാർ അറസ്റ്റിലായിരുന്നു.