വര്‍ഷങ്ങള്‍ നീണ്ട പ്രണയം, 12 വര്‍ഷത്തെ ദാമ്പത്യ ജീവിതം, മൂന്നു മക്കള്‍. ഇതിനുശേഷം ഭാര്യയ്ക്ക് മറ്റൊരാളുമായി പ്രണയമുണ്ടെന്ന് തിരിച്ചറിഞ്ഞ ഭര്‍ത്താവ്, അവരുടെ ആഗ്രഹം നടത്തികൊടുത്തു. ഇരുവരെയും വിവാഹം കഴിപ്പിച്ചു. ഭാര്യയുടെ കാമുകനാകട്ടെ ഭാര്യയും രണ്ടു മക്കളുമുണ്ട്. ബിഹാറിലെ സഹര്‍സയിലാണ് സംഭവം.
ഭാര്യയുടെ പ്രണയബന്ധം അംഗീകരിക്കുക മാത്രമല്ല, അവരുടെ വിവാഹം നടത്താന്‍ മുന്‍കൈയെടുത്തതും ഭര്‍ത്താവാണ്. നിയമപരമായി വിവാഹബന്ധം വേര്‍പിരിഞ്ഞ ശേഷമായിരുന്നു ഇത്. വിവാഹത്തിന്‍റെ വിഡിയോ സൈബറിടത്തും വൈറലാണ്.
വിവാഹത്തിനു ശേഷം യുവതിയുടെ നെറ്റിയില്‍ കുങ്കുമം തൊട്ടുകൊടുക്കുന്ന ചടങ്ങിന്‍റെ വിഡിയോ ആണ് പ്രചരിക്കുന്നത്. ഈ സമയം മുന്‍ഭര്‍ത്താവ് തൊട്ടടുത്ത് നില്‍പ്പുണ്ട്. ഭാവിയില്‍ ഇനി എന്തുണ്ടായാലും അത് നിങ്ങളെ മാത്രം ബാധിക്കുന്ന കാര്യമാണ്, എനിക്ക് ഒരു പങ്കുമില്ല എന്ന് ഇയാള്‍ വിളിച്ചുപറയുന്നുണ്ട്. സംഭവം വ്യാപകമായി വിമര്‍ശിക്കപ്പെടുന്നുമുണ്ട്. അതേസമയം ഭാര്യയുടെ ബന്ധത്തെ അംഗീകരിച്ച്, അവരെ മനസ്സിലാക്കിയ വ്യക്തി എന്ന നിലയില്‍ ഭര്‍ത്താവിനെ പ്രകീര്‍ത്തിക്കുന്നവരെയും കമന്‍റ് ബോക്സില്‍ കാണാം.