ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ശ്യാം ബെനഗല്‍ ( 90 ) അന്തരിച്ചു . വൃക്കരോഗത്തിന് ചികില്‍സയിലായിരുന്നു. 1976ല്‍ പത്മശ്രീയും 1991ല്‍ പത്മഭൂഷണും നേടിയിട്ടുണ്ട്. 2005ല്‍ ദാദാസാഹിബ് ഫാല്‍ക്കെ പുരസ്കാരവും നേടിയിട്ടുണ്ട്
ബോളിവുഡ് സിനിമയ്ക്ക് നവഭാവുകത്വം നല്‍കിയ സംവിധായകനാണ് ശ്യാം ബെനഗല്‍. അങ്കുർ, നിശാന്ത്, മന്ഥൻ, ഭൂമിക, ജുനൂൻ, മേക്കിങ് ഓഫ് മഹാത്മ തുടങ്ങിയവയാണ് പ്രമുഖ സിനിമകള്‍ . 1976ല്‍ പത്മശ്രീയും 1991ല്‍ പത്മഭൂഷണും നല്‍കി രാജ്യം ആദരിച്ചു . 2007ല്‍ ഫാല്‍കെ പുരസ്കാരം നേടി. രാജ്യസഭാംഗമായിരുന്നു. ചികിത്സകൾക്കിടയിലും കർമനിരതനായിരുന്നു. പുതിയ 3 പ്രോജക്ടുകളുടെ തിരക്കിലായിരുന്നു കുറേനാള്‍. തൊണ്ണൂറുകളിൽ നവതരംഗം സൃഷ്ടിച്ച ശ്യാം ബെനഗൽ ആഴ്ചയിൽ 3 തവണ ഡയാലിസിസിനു വിധേയനായി.
ദേശരാഷ്ട്രത്തിന്റെ ചലച്ചിത്രകാരൻ
ഇന്ത്യൻ സിനിമയിലെ ഏറ്റവും ശ്രദ്ധേയനായ ചലച്ചിത്രകാരനാണ് ശ്യാം ബെനഗൽ. ഇന്ത്യൻ സമാന്തര സിനിമയുടെ ദേശീയചരിത്രത്തെക്കൂടി പല രീതികളിൽ ബെനഗലിന്റെ ചലച്ചിത്ര സപര്യ രേഖപ്പെടുത്തുന്നുണ്ട്. ബെനഗൽ ചിത്രങ്ങൾ വിവിധ കാരണങ്ങൾ കൊണ്ടാണ് അനന്യമാകുന്നത്. അതിൽ ഏറ്റവും പ്രധാനം അദ്ദേഹത്തിന്റെ ചലച്ചിത്ര സപര്യയുടെ സമ്പന്നതയും വൈവിധ്യവുമാണ്. തന്റെ ജീവിതത്തിൽ താരതമ്യേന വൈകിയാണ് ബെനഗൽ മുഴുനീള കഥാചിത്ര സംവിധാനത്തിലേക്ക് കടന്നത്. 1934–ൽ ഹൈദരാബാദിൽ ജനിച്ച ബെനഗൽ തന്റെ ആദ്യ കഥാചിത്രമായ അങ്കുർ നിർമിക്കുന്നത് 1973ൽ, അതായത് തന്റെ 39–മത്തെ വയസ്സിൽ മാത്രമാണ്. പക്ഷേ, അതിനു മുമ്പുതന്നെ അദ്ദേഹം ഒട്ടേറെ ഹ്രസ്വചിത്രങ്ങളും പരസ്യചിത്രങ്ങളും രേഖാചിത്രങ്ങളും നിർമിച്ചിരുന്നു.
ഇൗ മാധ്യമപരിചയം ബെനഗൽ ചിത്രങ്ങൾ എപ്പോഴും പുലർത്താറുള്ള സാങ്കേതിക മികവിൽ പ്രകടമായിത്തന്നെ കാണാം. അഭിനേതാക്കളെ ഉപയോഗിക്കുന്നതിലും ഛായാഗ്രഹണം, സന്നിവേശം, ശബ്ദലേഖനം, സംഗീതം തുടങ്ങിയ മേഖലകളിലുമെല്ലാം ശ്യാം ബെനഗലിനുള്ള കൈയടക്കം ശ്രദ്ധേയമാണ്. മറ്റൊരു സവിശേഷത അദ്ദേഹം കൈകാര്യം ചെയ്യുന്ന വിഷയങ്ങളുടേയും വൈവിധ്യമാണ്.
ആദ്യകാല റിയലിസ്റ്റ് ശൈലിയിലുള്ള ചിത്രങ്ങളിൽ തുടങ്ങി സാഹിത്യകൃതികളേയും ചരിത്ര പുരുഷന്മാരേയും കുറിച്ചുള്ള ചിത്രങ്ങളും കുട്ടികൾക്കായുള്ള സിനിമയും പിന്നീട് ജനപ്രിയ ശൈലികൾ പിൻപറ്റുന്ന സമകാലിക ചിത്രങ്ങൾ വരെ അദ്ദേഹത്തിന്റെതായിട്ടുണ്ട്. പലസ്ഥലങ്ങളേയും കാലഘട്ടങ്ങളേയും ഇൗ ആഖ്യാനങ്ങൾ പശ്ചാത്തലമാക്കി. ആന്ധ്രാപ്രദേശ്, കർണാടക, ഗുജറാത്ത്, മധ്യപ്രദേശ്, ബംഗാൾ തുടങ്ങിയ പ്രദേശങ്ങളിലെ ഗ്രാമീണാന്തരീക്ഷങ്ങൾ തുടങ്ങി മുംബൈയും ഡൽഹിയും കൊൽക്കത്തയും പോലുള്ള നഗരകേന്ദ്രങ്ങളും പ്രത്യക്ഷപ്പെടുന്നതാണ് ബെനഗൽ ചിത്രഭൂമിക. എങ്കിലും ഗ്രാമീണ ഇന്ത്യയും ചരിത്രവുമാണ് ബെനഗലിന്റെ ഇഷ്ടസ്ഥലകാല പരിസരം. കൊളോണിയലിസം, ഫ്യൂഡലിസം, ജാതീയത, സ്വാതന്ത്ര്യസമരം, സ്വാതന്ത്ര്യലബ്ധി, തീവ്രവാദ പ്രസ്ഥാനങ്ങൾ, ദേശീയ വികസ പദ്ധതികൾ, വർഗീയതയുടെ ഉദയം, ആഗോളവൽക്കരണം തുടങ്ങി കഴിഞ്ഞ ഒരു നൂറ്റാണ്ടിലെ ഇന്ത്യൻ ചരിത്രത്തിലെ എല്ലാ മാറ്റങ്ങളും ഗതിവിഗതികളും ബെനഗൽ ചിത്രങ്ങളിൽ പ്രതിപാദ്യവിഷയമാക്കിയിട്ടുണ്ട്.