വ്യക്തിപരമായ അനുഭവങ്ങള്‍ നമ്മുടെ വിശ്വാസങ്ങളെയും അഭിപ്രായങ്ങളെയും വളരെയേറെ സ്വാധീനിക്കും. നമ്മള്‍ ആരെയൊക്കെ, എന്തിനെയൊക്കെ പിന്തുടരുന്നു എന്നതിലും ഈ അനുഭവങ്ങളുടെ പ്രതിഫലനമുണ്ട്. സ്വന്തം വിശ്വാസങ്ങളെയും മൂല്യങ്ങളെയും മുന്‍വിധികളെയും സാധൂകരിക്കാനും പിന്തുണയ്ക്കാനും വേണ്ടി വിവരങ്ങള്‍ തിരയാനും അവയെ വളച്ചൊടിക്കാനും വ്യാഖ്യാനിക്കാനുമുള്ള നമ്മുടെ ത്വര (സ്ഥിരീകരണ പക്ഷപാതം അഥവാ confirmation bias) മാറ്റിയെടുത്ത് എല്ലാ വശങ്ങളും കേള്‍ക്കാന്‍ സ്വയം പാകപ്പെടുത്തുന്നതെങ്ങനെ? നമ്മുടെ ശരികള്‍ക്ക് തുല്യമായ അഭിപ്രായങ്ങള്‍ മാത്രം കേട്ടുതഴമ്പിച്ച, അവ മാത്രമാണ് ശരിയെന്നുറപ്പിച്ച ഇത്തരം എക്കോ ചേംബറുകളില്‍നിന്ന് എങ്ങനെ പുറത്തുകടക്കാം? ഈ വിഡിയോയില്‍ മലയാള മനോരമ എക്‌സിക്യുട്ടിവ് എഡിറ്റര്‍ ജയന്ത് മാമ്മന്‍ മാത്യു നിങ്ങളോട് അതേക്കുറിച്ച് സംസാരിക്കുന്നു.
ഡേറ്റാലീഡ്സും മീഡിയവൈസും ഗൂഗിൾ ന്യൂസ് ഇനിഷ്യേറ്റീവിന്റെ സഹായത്തോടെ നടത്തുന്ന ഫാക്ട്ശാല അംബാസഡർ പ്രോഗാമിന്റെ വിഡിയോ പരമ്പരയുടെ ഭാഗമായ പുതിയ വിഡിയോയാണിത്. ജനങ്ങളെ ഡിജിറ്റൽ മീഡിയ സാക്ഷരതയിലൂടെ വ്യാജവാർത്തകൾ തിരിച്ചറിയാൻ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ പോയിന്റർ ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിച്ച സംവിധാനമാണ് മീഡിയവൈസ്. ഇന്റർനെറ്റിലും സമൂഹമാധ്യമങ്ങളിലും വ്യാജവാർത്തകൾ തിരിച്ചറിയാനുള്ള എളുപ്പവഴികളും പരിശീലനവും ഞങ്ങൾ നിങ്ങൾക്ക് സൗജന്യമായി നൽകുന്നു. ഇതിനായി https://www.poynter.org/mediawise/ സന്ദർശിക്കാം.
ഗൂഗിൾ ന്യൂസ് ഇനിഷ്യേറ്റീവിന്റെ സഹായത്തോടെ ഡേറ്റാലീഡ്സ് നടത്തുന്ന സംയോജിത വാർത്താ, വിവര സാക്ഷരതാ പദ്ധതിയാണ് ഫാക്ട്ശാല മീഡിയ സാക്ഷരത നെറ്റ്‌വർക്ക്. പട്ടണങ്ങൾ, ഗ്രാമീണ മേഖലകൾ എന്നിവിടങ്ങളിലെ യുവാക്കളും വിദ്യാർഥികളും ഉൾപ്പെടെയുള്ളവരെ ഓൺലൈനിലെ വിവരങ്ങൾ വിമർശനബുദ്ധിയോടെ വിലയിരുത്താനും വ്യാജ വിവരങ്ങൾ കണ്ടെത്താനും പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന 250ലേറെ മാധ്യമപ്രവർത്തകർ, മീഡിയ അധ്യാപകർ, വസ്തുതാ പരിശോധകർ, സന്നദ്ധ പ്രവർത്തകർ, കമ്യൂണിറ്റി റേഡിയോ സ്റ്റേഷനുകൾ തുടങ്ങിയവരുടെ കൂട്ടായ്മയാണിത്. ഫാക്ട്ശാല അംബാസഡർ പദ്ധതിയെക്കുറിച്ച് കൂടുതൽ അറിയാൻ: https://factshala.com/ambassador-programme/