girl-representative

പ്രതീകാത്മക ചിത്രം

അച്ഛന്‍ കടം വാങ്ങിയ പണം തിരികെ നല്‍കിയില്ലെന്നാരോപിച്ച് മകളെ തട്ടിക്കൊണ്ടുപോയി വിറ്റ സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. അറുപതിനായിരം രൂപയാണ് ഏഴുവയസ്സുകാരിയുടെ അച്ഛന്‍ പലിശയ്ക്ക് കടമെടുത്തത്. ഇത് തിരിച്ചടയ്ക്കാന്‍ കഴിയാതെ വന്നതോടെയാണ് പ്രതികള്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി മൂന്നുലക്ഷം രൂപയ്ക്ക് വിറ്റത്. രാജസ്ഥാനിലെ മഹിസാഗറിലാണ് സംഭവം.

ദിവസവേതനത്തിന് ജോലി ചെയ്യുന്നയാളാണ് പെണ്‍കുട്ടിയുടെ അച്ഛന്‍. കടം വാങ്ങിയ തുക തിരിച്ചടയ്ക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. എന്നാല്‍ പണം കടം തന്നവര്‍ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് കരുതിയിരുന്നില്ല എന്ന് അദ്ദേഹം പറയുന്നു. നിലവില്‍ പ്രതികള്‍ പൊലീസ് കസ്റ്റഡിയിലാണ്. 

അര്‍ജുന്‍ നാഥ് എന്ന വ്യക്തിയാണ് പെണ്‍കുട്ടിയുടെ അച്ഛന് പണം കടം നല്‍കിയത്. ഇയാള്‍ക്കൊപ്പം ഷരീഫ നാഥ് എന്നയാളെയും കൂട്ടുപ്രതി ചേര്‍ത്തിട്ടുണ്ട്. പെണ്‍കുട്ടിയുടെ അച്ഛനെ ഇവര്‍ വീട്ടിലെത്തി പല തവണ ഭീഷണിപ്പെടുത്തിയിരുന്നു. പലിശയും കൂട്ടുപലിശയുമായി നാല് ലക്ഷത്തോളം രൂപ വേണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. വെള്ളപ്പേപ്പറില്‍ നിര്‍ബന്ധിച്ച് ഒപ്പുവാങ്ങി.

ഇതിനുശേഷമാണ് പെണ്‍കുട്ടിയെ അജ്മീറിലുള്ള ഒരാള്‍ക്ക് പ്രതികള്‍ വിറ്റത്. പെണ്‍കുട്ടിയുടെ അച്ഛന്‍റെ പരാതിയിന്മേല്‍ അന്വേഷണം നടത്തിയ പൊലീസ് പ്രതികളെ കയ്യോടെ പിടികൂടി. പെണ്‍കുട്ടിയെ കാണാതായ സംഭവത്തില്‍ തങ്ങള്‍ക്ക് യാതൊരു പങ്കുമില്ലെന്നാണ് ചോദ്യം ചെയ്യലിന്‍റെ ആദ്യഘട്ടത്തില്‍ പ്രതികള്‍ പ്രതികരിച്ചതെന്ന് അന്വേഷണ ഉദ്യേഗസ്ഥന്‍ എസ്.ബി ചൗധരി വ്യക്തമാക്കി. 

പെണ്‍കുട്ടിയെ കണ്ടെത്തുന്നത് അതീവ ദുര്‍ഘടമായിരുന്നു. ആര്‍ക്കാണ് പെണ്‍കുട്ടിയെ വിറ്റത്, പ്രതികള്‍ ഒപ്പിട്ടു വാങ്ങിയ പേപ്പറുകള്‍ എവിടെയാണ്, പ്രതികള്‍ അവര്‍ക്ക് ലഭിച്ച പണം എന്തു ചെയ്തു എന്നു തുടങ്ങി ചോദ്യങ്ങള്‍ അനവധിയായിരുന്നു. എന്നാല്‍ അന്വേഷണം ശരിയായ ദിശയില്‍ കൊണ്ടുപോകാനായി. പ്രതികളെ പിടികൂടാനും കഴിഞ്ഞു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേസില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.

ENGLISH SUMMARY:

Seven-year-old girl was allegedly sold to a person in Rajasthan for Rs 3 lakh by three loan sharks to recover the money lent to her father. The accused lent Rs 60,000 to the girl's father and demanded three to four lakhs in return.