ganja

മകനോടുള്ള വിരോധംമൂലം കഞ്ചാവ് കേസില്‍ കുടുക്കാന്‍ ശ്രമിച്ച പിതാവ് അറസ്റ്റില്‍. വയനാട് മാനന്തവാടി ചെറ്റപ്പാലം പുത്തന്‍തറ വീട്ടില്‍ പി. അബൂബക്കര്‍ (67) ആണ് അറസ്റ്റിലായത്. മറ്റു ചിലരുടെ സഹായത്തോടെയാണ് മകന്റെ കടയില്‍ അബൂബക്കര്‍ കഞ്ചാവ് കൊണ്ടുവന്ന് വച്ചതെന്നാണ് വിവരം. ഇതിനുശേഷം എക്‌സൈസിനെ വിളിച്ച് കടയില്‍ കഞ്ചാവുണ്ടെന്ന വിവരം നല്‍കി. എന്നാല്‍ അവസാനം പിതാവ് തന്നെ പിടിയിലായി.

മാനന്തവാടി-മൈസൂരു റോഡിലാണ് അബൂബക്കറിന്റെ മകന്‍ നൗഫലിന്റെ സ്ഥാപനമുള്ളത്. സെപ്റ്റംബര്‍ ആറിനായിരുന്നു കേസിനാസ്പദമായ സംഭവം. നൗഫല്‍ പള്ളിയില്‍ നിസ്‌കരിക്കാന്‍ പോയ സമയത്താണ് അബൂബക്കര്‍ കൃത്യം നടപ്പാക്കിയത്. എക്‌സൈസ് ഉദ്യോഗസ്ഥര്‍ ഇവിടെ നിന്ന് 2.095 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. എന്നാല്‍ തനിക്ക് ഇതില്‍ പങ്കില്ലെന്ന് നൗഫല്‍ വ്യക്തമാക്കി. സിസിടിവി ക്യാമറകള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ നൗഫല്‍ നിരപരാധിയാണെന്ന് ബോധ്യമായതോടെ ഉടന്‍ തന്നെ ജാമ്യം നല്‍കി വിട്ടയച്ചു.

പിന്നീട് നടന്ന അന്വേഷണത്തിലാണ് അബൂബക്കറിന്റെ പങ്ക് വ്യക്തമായത്. അബൂബക്കറിന്റെ കീഴില്‍ ജോലി ചെയ്യുന്ന കര്‍ണാടക സ്വദേശിയും ഓട്ടോ ഡ്രൈവറായ ജിന്‍സ് വര്‍ഗീസും അബ്ദുള്ള എന്നയാളുമാണ് അബൂബക്കറിനെ സഹായിച്ചത്.

 

കര്‍ണാടകയില്‍ നിന്നായിരുന്നു സംഘം കഞ്ചാവ് എത്തിച്ചത്. കഞ്ചാവ് കൊണ്ടുവരാന്‍ സഹായം നല്‍കിയ ജിന്‍സിനെ എക്‌സൈസ് അറസ്റ്റ് ചെയ്തിരുന്നു. അബൂബക്കറിനെ മുഖ്യപ്രതിയാക്കിയാണ് എക്‌സൈസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കോടയില്‍ ഹാജരാക്കിയ അബൂബക്കറിനെ റിമാന്‍ഡ് ചെയ്തു.

ENGLISH SUMMARY:

The father who tried to trap his son in a cannabis case has been arrested.