മുഴുവന്‍സമയ രാഷ്ട്രീയ പ്രവര്‍ത്തകനെന്നോ ജനകീയനായ രാഷ്ട്രീയക്കാരനെന്നോ ഉള്ള വിശേഷണങ്ങളേക്കാള്‍ രാജ്യം കണ്ട മികച്ച സാമ്പത്തിക വിദഗ്ധന്‍ എന്ന രീതിയില്‍ വിലയിരുത്തേണ്ട വ്യക്തിത്വമാണ് മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്‍റേത്. ഇന്ത്യന്‍ സാമ്പത്തിക മേഖലയുടെ ഗതി തന്നെ മാറ്റി മറിച്ച സാമ്പത്തിക വൈദഗ്ധ്യം അദ്ദേഹത്തിലെ രാഷ്ട്രീയനേതാവിനേക്കാള്‍ വളരെ വളരെ മുകളിലായിരുന്നു.
പഞ്ചാബ് സർവ്വകലാശാല, കേംബ്രിഡ്ജ് സർവകലാശാല, ഓക്സ്ഫഡ് സർവകലാശാല എന്നിവിടങ്ങളിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ അവഗാഹം നേടി. റിസർവ് ബാങ്ക് ഗവർണർ എന്നനിലയിൽ ദേശീയതലത്തിലും അന്താരാഷ്ട്ര നാണയനിധി അംഗമെന്നനിലയിൽ അന്താരാഷ്ട്ര തലത്തിലും വ്യക്തിമുദ്ര പതിപ്പിച്ച ശേഷമാണ് ഡോ. മന്‍മോഹന്‍സിങ് രാഷ്ട്രീയത്തിലേക്കെത്തുന്നത്. നരസിംഹറാവുവിനൊപ്പമുണ്ടായിരുന്ന തൊണ്ണൂറുകളായിരിക്കണം മന്‍മോഹന്‍ സിങ്ങിലെ സാമ്പത്തിക വിദഗ്ധനേയും രാഷ്ട്രീയക്കാരനെയും ഒരുപോലെ ചേര്‍ത്തുവെച്ചത്. ധനമന്ത്രി പദത്തിലിരിക്കുമ്പോൾ സ്വതന്ത്ര ഇന്ത്യയുടെ സാമ്പത്തിക അടിത്തറതന്നെ മാറ്റിവരയ്ക്കുന്ന പരിഷ്കാരങ്ങൾ അദ്ദേഹം നടപ്പിലാക്കി. സമ്മിശ്ര സാമ്പത്തിക വ്യവസ്ഥിതിയിൽ പടുത്തുയർത്തപ്പെട്ട ഇന്ത്യയുടെ സാമ്പത്തിക മേഖലയെ ആഗോളവൽക്കരണത്തിനും ഉദാരവൽക്കരണത്തിനും വേണ്ടി തുറന്നിടുകയായിരുന്നു സിങിന്‍റെ ആദ്യത്തെ പരിഷ്കാരം. എന്നാല്‍ ആരംഭത്തില്‍ ഇത് ഒട്ടേറെ എതിര്‍പ്പുകള്‍ ക്ഷണിച്ചുവത്തിയെങ്കിലും പിന്നീട് മന്‍മോഹന്‍സിങ്ങിന്‍റെ നയങ്ങള്‍ രാജ്യം അംഗീകരിച്ചു.
കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഇന്ത്യയെ കരകയറ്റാന്‍ സാമ്പത്തിക മേഖലയില്‍ മിടുക്കുള്ള രാഷ്ട്രീയ നേതാവിനേക്കാള്‍ മന്‍മോഹന്‍സിങ്ങിലെ സാമ്പത്തിക വിദഗ്ധന് സാധിച്ചു എന്നുവേണം കരുതാന്‍. രാജ്യത്തിന്‍റെ വിദേശ നാണ്യനിക്ഷേപം 100 കോടി ഡോളര്‍ മാത്രമായി ചുരുങ്ങിയ നാളുകളിലാണ് മന്‍മോഹന്‍ സിങ് ധനമന്ത്രിസ്ഥാനം ഏറ്റെടുത്തത്. സോഷ്യലിസ്റ്റ് അടിസ്ഥാനത്തിലൂന്നിയ നെഹുറൂവിയന്‍ ഇക്കണോമിയില്‍നിന്ന് രാജ്യം ഉദാരീകരണത്തിലേക്ക് നീങ്ങുമ്പോള്‍ മുന്നില്‍ മന്‍മോഹന്‍ സിങ്ങായിരുന്നു.
നട്ടെല്ല് വളഞ്ഞ സമ്പദ്വ്യവസ്ഥയെ താങ്ങിനിര്‍ത്താന്‍ ഉദാരീകരണനയങ്ങള്‍ കൂടിയേ തീരുവെന്ന നിലപാട് ഏറെ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും തിരികൊളുത്തിയെങ്കിലും നയങ്ങള്‍ മാറ്റാന്‍ മന്‍മോഹന്‍ തയ്യാറായില്ല.
2009-ലെ പൊതു തെരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ. വീണ്ടും അധികാരത്തിലെത്തിയപ്പോൾ മന്മോഹൻ സിങ് വീണ്ടും പ്രധാനമന്ത്രിയായി. ഇതോടെ ജവഹർലാൽ നെഹ്റുവിനു ശേഷം അഞ്ചു വർഷം അധികാരം പൂർത്തിയാക്കിയ ശേഷം പ്രധാനമന്ത്രി പദത്തിൽ വീണ്ടുമെത്തുന്ന പ്രധാനമന്ത്രിയായി സിങ്. ലൈസൻസ് രാജ് സംവിധാനത്തിന്‍റെ അന്ത്യം കുറിക്കുകയും പുതിയ ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥിതിക്ക് തുടക്കമിടുകയും ചെയ്തതും അദ്ദേഹത്തിന്‍റെ നേട്ടമായി. വാജ്പേയി സർക്കാർ തുടങ്ങിവെച്ച ഇന്ത്യയിലെ പ്രധാന നഗരങ്ങളെ തമ്മിൽ റോഡു മാർഗ്ഗം ബന്ധിപ്പിക്കുന്ന ഹൈവേ പദ്ധതി മൻമോഹൻ സിംഗ് സർക്കാരിന്‍റെ കാലത്ത് തുടർന്നു.
ബാങ്കിംഗ് സാമ്പത്തിക മേഖലയിൽ കൂടുതൽ നവീകരണങ്ങൾ നടപ്പാക്കിയതും മന്‍മോഹന്‍സിങ് സര്‍ക്കാരിന്‍റെ നേട്ടമാണ്. സാധാരണക്കാരന്‍റെ പ്രശ്നങ്ങള്‍ മനസിലാവാത്ത മന്ത്രിയെന്ന വിമര്‍ശനങ്ങളെ തൊഴിലുറപ്പ് പദ്ധതിയടക്കമുള്ള നിര്‍ണായക പദ്ധതികള്‍ ആവിഷ്‌കരിച്ച് നേരിടാനും മന്‍മോഹന്‍ സിങ്ങിനായി.