പെട്രോളിയം ഇറക്കുമതിക്ക് പോലും പണം ഇല്ലാതിരുന്ന അവസ്ഥയിൽ നിന്ന് ഇന്നു കാണുന്ന സാമ്പത്തിക വളർച്ചയിലേക്ക് രാജ്യത്തെ കൈപിടിച്ച് നടത്തിയ ധനമന്ത്രിയായിരുന്നു മൻമോഹൻ സിങ്. ചുവപ്പുനാടയുടെയും അഴിമതിയുടെയും പെർമിറ്റ് - ലൈസൻസ് രാജിൽ നിന്ന് രാജ്യം മോചിപ്പിക്കപ്പെട്ടതും അദ്ദേഹത്തിൻറെ കാലത്തായിരുന്നു. ഇന്ന് ചർച്ചചെയ്യുന്ന ഈസ് ഓഫ് ഡൂയിങ് ബിസിനസിന്‍റെ തുടക്കം.
കുതിച്ചുയരുന്ന ധനക്കമ്മി, കുമിഞ്ഞു കൂടുന്ന കടം, പെരുകുന്ന വ്യാപാര കമ്മി, നാമമാത്രമായ വിദേശ നാണ്യശേഖരം, ഇരട്ടയക്ക വിലക്കയറ്റം ഇതൊക്കെയായിരുന്നു കേന്ദ്ര ധനമന്ത്രി കസേരയിലേക്ക് ആനയിക്കപ്പെട്ട മൻമോഹൻസിങിനെ കാത്തിരുന്നത്. കൂനിന്മേൽ കുരു പോലെ ഗൾഫ് യുദ്ധം പെട്രോളിയം വില ഉയർത്തി. ഏതാനും ദിവസത്തേക്ക് ഇന്ധനം ഇറക്കുമതി ചെയ്യാനുള്ള ഡോളർ മാത്രമാണ് കീശയിൽ ബാക്കി. രാജ്യം സ്തംഭിക്കാൻ പോകുന്നു.
രാഷ്ട്രീയക്കാരൻ അല്ലാത്തതിനാൽ മൻമോഹൻസിങ് മുൻപിൻ നോക്കാതെ പഠനത്തിൽ നിന്നും അനുഭവത്തിൽ നിന്നും കണ്ടെടുത്ത ആയുധങ്ങൾ തൊടുത്തു തുടങ്ങി. ചരടുകൾ ഉണ്ടായിരുന്നെങ്കിലും വിദേശ വായ്പ അല്ലാതെ മാർഗം ഉണ്ടായിരുന്നില്ല. 1991ൽ ധനമന്ത്രിയായി കേവലം ഒരു മാസത്തിനുള്ളിൽ അവതരിപ്പിച്ച കന്നി ബജറ്റ് ഇടത്തും വലത്തും ഉള്ള സാമ്പത്തിക മാമുൽ വാദികളെ ഷോക്കടിപ്പിച്ചു. ഉദാരവൽക്കരണം, സ്വകാര്യവൽക്കരണം, ആഗോളവൽക്കരണം എന്നിവയായിരുന്നു മൂല മന്ത്രങ്ങൾ.
സമ്പദ് വ്യവസ്ഥയെ മൻമോഹൻ സിങ് തുറന്നിട്ടു. വിദേശ നാണ്യ ക്രയവിക്രയത്തിന് നിയന്ത്രണങ്ങൾ. ഡോളർ ശേഖരം വർദ്ധിപ്പിക്കാൻ നടപടി. പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിച്ചു. ബാങ്കുകൾ ദേശസാൽക്കരിച്ച പാർട്ടിയിൽ നിന്നുള്ള മന്ത്രിയായിരുന്നു എന്നോർക്കണം. വിശുദ്ധ പശുക്കളായിരുന്ന പല മേഖലകളിലേക്കും വിദേശനിക്ഷേപത്തിന് അനുമതി നൽകി. ഇറക്കുമതി തീരുവ വെട്ടി കുറച്ചു, ഇറക്കുമതി നിയന്ത്രണങ്ങൾ നീക്കി,പെർമിറ്റ് രാജിനും ലൈസൻസ് രാജിനും അറുതി വരുത്തി.
പാപ്പരാകുന്ന അവസ്ഥയിൽനിന്ന് സാമ്പത്തിക വളർച്ചയിലേക്ക് മൻമോഹൻ സിങ് രാജ്യത്തെ കൈപിടിച്ചുയർത്തി. തൊട്ടടുത്ത വർഷം രാജ്യത്തിൻറെ സാമ്പത്തിക വളർച്ച 5ശതമാനത്തിനും മുകളിൽ എത്തി. പക്ഷേ നെഹ്രൂവിയൻ സോഷ്യലിസ്റ്റ് സങ്കല്പങ്ങളിൽ നിന്നുള്ള വിപ്ലവകരമായ മാറ്റം കോൺഗ്രസിലെ ചിലരെയും കടുത്ത അതൃപ്തിയിലാക്കി. ഐഎംഎഫിന്‍റെയും ലോക ബാങ്കിന്‍റെയും തീട്ടൂരമനുസരിച്ച് രാജ്യത്തെ എഴുതിക്കൊടുക്കുന്നു എന്നും വിമർശനം.
മാറ്റമില്ലാത്തത് മാറ്റത്തിനു മാത്രമായതിനാൽ വിമർശനങ്ങൾ ഏശിയില്ല. ഇതേ മൻമോഹൻ സിങ് രാജ്യത്തിന്‍റെറെ പ്രധാനമന്ത്രിയായിരുന്ന 2004 മുതൽ 2014 വരെയുള്ള കാലയളവിൽ മൻമോഹനോമിക്സിൽ ക്ഷേമ രാഷ്ട്ര സങ്കല്പം കൂടി ഇടംപിടിക്കുന്നത് നമ്മൾ കാണുന്നു, തൊഴിലുറപ്പ് പദ്ധതിയുടെ രൂപത്തിൽ. ഒന്നാം യുപിഎ സർക്കാരിന്‍റെ അവസാനകാലത്ത് ലോകത്തെ മുഴുവൻ വരിഞ്ഞുമുറുക്കിയ സാമ്പത്തിക മാന്ദ്യത്തിൽ നിന്ന് വലിയൊരു അളവിൽ ഇന്ത്യയെ രക്ഷിക്കാനും പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിങിനായി.