ടിക്കറ്റ് എടുക്കാൻ പണമില്ലാതായതോടെ യുവാവ് ട്രെയിനിന്‍റെ അടിഭാഗത്ത് കയറിയിരുന്ന് യാത്ര ചെയ്തത് 250 കിലോമീറ്റര്‍. മധ്യപ്രദേശിലാണ് ഈ ഞെട്ടിക്കുന്ന സംഭവമുണ്ടായത്. ഇറ്റാർസിയിൽ നിന്ന് ജബൽപൂര്‍ വരെയായിരുന്നു ഈ യുവാവിന്‍റെ അപകടകരമായ യാത്ര.
നാല് മണിക്കൂറില്‍ അധികനേരം ഇയാള്‍ ട്രെയിനിന് അടിയിൽ തൂങ്ങിക്കിടന്ന് യാത്ര ചെയ്തു. ട്രെയിനിന്‍റെ അടിഭാഗത്ത് ചക്രങ്ങൾക്കു അരികിലായി തൂങ്ങിക്കിടന്നിരുന്ന യുവാവിനെ റെയിൽവേ ജീവനക്കാരാണ് കണ്ടെത്തിയത്. ട്രെയിന്‍ ജബൽപൂർ സ്റ്റേഷനിൽ എത്തിയതോടെ, ജീവനക്കാർ ട്രെയിനിന്റെ താഴ്ഭാഗം പരിശോധിക്കുകയായിരുന്നു. അപ്പോഴാണ് ട്രെയിനിന്‍റെ ചക്രങ്ങൾക്കിടയിൽ ഒളിച്ചിരുന്ന യുവാവിനെ കണ്ടെത്തിയത്.
പുണെ-ദാനപൂർ എക്‌സ്‌പ്രസിന്റെ എസ് - 4 കോച്ചിന്‍റെ അടിഭാഗത്ത് പറ്റിപ്പിടിച്ചിരുന്നായിരുന്നു യുവാവിന്റെ യാത്ര. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ, ഈ യുവാവിനെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിന് കൈമാറി. ഇത് മാനസിക വെല്ലുവിളി നേരിടുന്ന യുവാവാണെന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. യാത്രാച്ചെലവിന് പണം ഇല്ലാത്തത് കൊണ്ടാണ് ഇത്തരത്തില്‍ യാത്ര ചെയ്തതെന്നാണ് ചോദ്യം ചെയ്യലിൽ യുവാവ് പറഞ്ഞത്.