ഭരണരംഗത്ത് കൂടുതൽ മലയാളികളുമായി ചേർന്ന് പ്രവർത്തിച്ച പ്രധാനമന്ത്രിമാരിൽ ഒന്നാം സ്ഥാനക്കാരനാണ് മൻമോഹൻ സിങ്. രണ്ടാം യുപിഎ സർക്കാരിൽ ഒരേസമയം എട്ട് മലയാളി മന്ത്രിമാരാണ് ഉണ്ടായിരുന്നത്. കേരളത്തിന്‍റെ വികസന കുതിപ്പിന് കാരണമായ ഒട്ടേറെ പദ്ധതികളിലും മൻമോഹന്‍റെ ടച്ചുണ്ട്.
കേരളവുമായും മലയാളികളുമായും സുദീർഘമായ ബന്ധമാണ് മൻമോഹൻസിംഗിനുള്ളത്. കെ കരുണാകരൻ, എ കെ ആന്റണി എന്നിവരുമായി അടുത്ത സൗഹൃദം കാത്തുസൂക്ഷിച്ച മൻമോഹൻ സിങ്, നരസിംഹ റാവു മന്ത്രിസഭയിൽ ഇരുവരുടെയും സഹപ്രവർത്തകനായി. മലയാളികളുമായുള്ള ബന്ധത്തിൽ ആരും കുറിച്ചുവയ്ക്കാത്ത റെക്കോഡിന് ഉടമയാണ് അദ്ദേഹം. രണ്ടാം യുപിഎ സർക്കാരിന്‍റെ അവസാന മന്ത്രിസഭാ പുന : സംഘടന കഴിഞ്ഞപ്പോൾ മലയാളി സാന്നിധ്യം 8 ആയി ഉയർന്നു. മന്ത്രിസഭയിലെ രണ്ടാമനായി പ്രതിരോധ മന്ത്രി എ കെ ആൻറണി, ക്യാബിനറ്റ് മന്ത്രിയായി വയലാർ രവി, സഹമന്ത്രിമാരായി കെ വി തോമസ്, മുല്ലപ്പള്ളി രാമചന്ദ്രൻ, ഇ അഹമ്മദ്, ശശി തരൂർ, കെസി വേണുഗോപാൽ, കൊടുക്കുന്നിൽ സുരേഷ്. മലയാളി പട്ടിക ഇതുകൊണ്ടും തീരില്ല. പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി ടി കെ എ നായർ. പ്രധാനമന്ത്രിയുടെ ഓഫീസിലെ ഡയറക്ടറും വക്താവുമായി ബിനോയ് ജോബ് തുടങ്ങി തൊട്ടരികിലും മലയാളികൾ ആയിരുന്നു. യുപിഎ സർക്കാർ കാലത്ത് ദേശീയ സുരക്ഷാ ഉപദേഷ്ടാവായി എംകെ നാരായണനും കാബിനറ്റ് സെക്രട്ടറി കെ.എം.ചന്ദ്രശേഖറും ആഭ്യന്തര സെക്രട്ടറിയായി ജികെ പിള്ളയും മലയാളി തിളക്കംകൂട്ടി. രാജ്യസഭാ ഉപാധ്യക്ഷനായി പി ജെ കുര്യനുമായി അടുത്ത ബന്ധം പുലർത്തി. മൻമോഹൻസിങ്ങിനെ ഏറ്റവും കൂടുതൽ വേട്ടയാടിയെ ടൂജി സ്പെക്ട്രം അഴിമതി പരിശോധിച്ച ജെപിസിയെ നയിച്ചതും ഒരു മലയാളിയായിരുന്നു. പിസി ചാക്കോ. വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ, വിഴിഞ്ഞം തുറമുഖം, കൊച്ചി മെട്രോ ഉൾപ്പെടെ കേരളത്തിൻറെ വികസന മുഖം മാറ്റിയ പദ്ധതികളിൽ മൻമോഹൻസിംഗിന്റെ കയ്യൊപ്പ് മായാതെ കിടപ്പുണ്ട്.