രാജസ്ഥാനില്‍ വീണ്ടും കുഴല്‍ക്കിണര്‍ അപകടം. 3 വയസുകാരി ചേദ്നയാണ് 700 അടി താഴ്ച്ചയുളള കുഴല്‍കിണറില്‍ വീണത്. സംഭവം നടന്ന് 70 മണിക്കൂര്‍ പിന്നിട്ടിട്ടും കുട്ടിയെ പുറത്തെടുക്കാനായില്ല. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കുട്ടിയ്ക്ക് വെളളവും ഭക്ഷണവും എത്തിക്കാന്‍ സാധിക്കാത്തതിനാല്‍ ഓക്സിജന്‍ മാത്രം നല്‍കിയാണ് ജീവന്‍ നിലനിര്‍ത്തുന്നത്. കുട്ടി കുഴല്‍ കിണറില്‍ വീണത് മുതല്‍ അമ്മ ദോലി ദേവിയും ഭക്ഷണം കഴിക്കാന്‍ തയ്യാറായിട്ടില്ലെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കോട്പുട്ലി–ബെഹ്രോര്‍ ജില്ലയിലെ ബഡിയാലി ദാനി എന്ന ഗ്രാമത്തില്‍ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. അച്ഛനൊപ്പം കൃഷിയിടത്തിലെത്തിയ ചേദ്ന കളിക്കുന്നതിനിടെ കുഴല്‍ക്കിണറില്‍ വീഴുകയായിരുന്നു. എന്‍ഡിആര്‍എഫ് എസ്ഡിആര്‍ഫ് പ്രവര്‍ത്തകര്‍ സംഭവസ്ഥലത്തെത്തി രക്ഷാദൗത്യം ആരംഭിച്ചെങ്കിലും കുട്ടിയെ പുറത്തെടുക്കാനായില്ല. കുട്ടിയെ പുറത്തെടുക്കാന്‍ നടത്തിയ ആദ്യ രണ്ടുശ്രമങ്ങളും പരാജയപ്പെട്ടു.
തുടര്‍ന്ന് രക്ഷാദൗത്യത്തിനായി പ്രത്യേക ഉപകരണങ്ങള്‍ സ്ഥലത്തെത്തിച്ച് നടത്തിയ ശ്രമം അല്‍പം ആശ്വാസമേകി. കുട്ടിയെ അല്‍പം മുകളിലേക്ക് ഉയര്‍ത്താനായി. നിലവില്‍ കുട്ടി കുഴല്‍കിണറില്‍ തങ്ങിനില്‍ക്കുന്നത് 150 അടി താഴ്ച്ചയിലാണ്. കുട്ടിയ്ക്ക് ഭക്ഷണമെത്തിക്കാന്‍ സാധിക്കാത്തതിനാല്‍ മുടങ്ങാതെ ഓക്സിജന്‍ നല്‍കുകയാണ് വിദഗ്ധസംഘം. കുട്ടിയെ മുകളിലേക്ക് ഉയര്‍ത്തുന്നതിന് തടസമായി നില്‍ക്കുന്നത് ഒരു വലിയ കല്ലാണ്. ഈ കല്ലിന് അനക്കം തട്ടുന്നതും ഉറപ്പില്ലാത്ത മണ്ണില്‍ അധികം സമ്മര്‍ദം കൊടുക്കുന്നതും രക്ഷാദൗത്യം കൂടുതല്‍ സങ്കീര്‍ണമാക്കും.
അതിനാല്‍ കൂടുതല്‍ ഉപകരണങ്ങളും റാറ്റ് ഹോള്‍ നിര്‍മാണ വിദഗ്ധരെയും സ്ഥലത്തെത്തിച്ചാണ് ദൗത്യം തുടരുന്നത്. കുട്ടി കുടുങ്ങിക്കിടക്കുന്ന കുഴല്‍ക്കിണറിന് സമാന്തരമായി 160 അടി താഴ്ച്ചയില്‍ മറ്റൊരു കുഴിയുണ്ടാക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. 150 അടി വരെ പൈലിങ് മെഷീനിന്‍റെ സഹായത്തോടെയും ബാക്കി 10 അടി അതിസൂക്ഷ്മമായി ഭൂമിക്കടിയില്‍ സമ്മര്‍ദം ചെലുത്താതെയും വേണം കുഴിയെടുക്കാന്‍. ശേഷം 7 മീറ്റര്‍ നീളത്തില്‍ കുഴല്‍ക്കിണറിലേക്ക് ബന്ധിപ്പിക്കുന്ന മറ്റൊരു ടണലിന് സമാനമായ കുഴികൂടി ഉണ്ടാക്കിയാല്‍ മാത്രമേ കുട്ടിയെ സുരക്ഷിതമായി പുറത്തെടുക്കാനാകൂ. നിലവില്‍ കുട്ടിയുടെ ആരോഗ്യസ്ഥിതി കുഴിയിലേക്ക് ഇറക്കിയ ക്യാമറയിലൂടെ നിരീക്ഷിച്ചാണ് വിദഗ്ധസംഘം വിലയിരുത്തുന്നത്.