അമ്മയെ നഷ്‌ടപ്പെട്ടതിന്‍റെ വേദനയ്ക്കിടയിലും ഉറ്റവരുൾപ്പെടുന്ന ആനക്കൂട്ടത്തെ കണ്ടെത്തി കുട്ടിയാനയെ സുരക്ഷിതമാക്കാനുള്ള തമിഴ്നാട് വനം വകുപ്പിന്‍റെ ശ്രമം വിഫലം. കോയമ്പത്തൂർ പന്നിമടയിൽ രോഗബാധയിൽ ചരിഞ്ഞ പിടിയാനയുടെ ജഡത്തിനരികിൽ കണ്ടെത്തിയ കുട്ടിയാനയെ പരിചരണത്തിനായി മുതുമല തെപ്പക്കാടിലേക്ക് മാറ്റി.
അമ്മയെ നഷ്ടപ്പെട്ടതിന്‍റെ വേദന തിരിച്ചറിയാനുള്ള പ്രായമില്ല. എങ്കിലും അമ്മ എവിടെയോ തന്നെ കാത്തിരിക്കുന്നുവെന്ന പ്രതീക്ഷയിലായിരുന്നു കുട്ടിയാന. വനപാലകർ നയിക്കും മുൻപേ കാട്ടിലേക്ക് ഓടിക്കയറാനുള്ള കുട്ടിയാനയുടെ ശ്രമം ഇതിന്‍റെ തെളിവായിരുന്നു. കൊമ്പൻമാർ ഉൾപ്പെടെ അമ്മയാനയ്ക്കൊപ്പം ഉണ്ടായിരുന്നവരെ കണ്ടെത്തി കാട്ടിലേക്ക് മടക്കി വിടാനായിരുന്നു വനപാലകരുടെയും ശ്രമം.
രോഗബാധയിൽ പിടിയാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയ തുടിയല്ലൂർ വരപ്പാളയത്ത് ഉൾപ്പെടെ രാവും പകലും അന്വേഷണം നീണ്ടു. ആകാശ ദൃശ്യങ്ങളുടെ സഹായത്തോടെ ആനക്കൂട്ടത്തെ കണ്ടെത്തിയെങ്കിലും അവർ കുട്ടിയാനയെ കൂടെക്കൂട്ടാന്‍ മുന്നോട്ടെത്തിയില്ല. ഇതിനിടയിൽ കുട്ടിയാനയുടെ ആരോഗ്യ സ്ഥിതി ഡോക്ടർമാരുടെ നേതൃത്വത്തിൽ നിരീക്ഷിച്ച് അവശ്യ ഭക്ഷണവും മരുന്നും നൽകുന്നുണ്ടായിരുന്നു. കുട്ടിയാനയെ കൂട്ടത്തിൽ ചേർക്കാനുള്ള ശ്രമം വിഫലമായതിന് പിന്നാലെയാണ് മുതുമല തെപ്പക്കാടിലെ ആന പരിപാലന കേന്ദ്രത്തിലേക്ക് മാറ്റിയത്.
കാട്ടിലേക്ക് മടക്കി വിടാനുള്ള ശ്രമം ഇനിയും തുടരുമോ എന്ന് വനം വകുപ്പ് നിശ്ചയിച്ചിട്ടില്ലെങ്കിലും അമ്മയുടെ ചൂടറിയാതെ കുട്ടിയാന വളരണമെന്നത് ആരോഗ്യസ്ഥിതി കൂടുതൽ സങ്കീർണമാക്കുമെന്നതിലാണ് ആശങ്ക.