മുൻ എംഎൽഎ രാജു എബ്രഹാം സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി. ജില്ലാ കമ്മിറ്റിയിൽനിന്ന് പ്രായാധിക്യമടക്കമുള്ള കാര്യങ്ങൾ പരിഗണിച്ച് ആറുപേരെ ഒഴിവാക്കി മറ്റ് ആറു പേരെ ഉൾപ്പെടുത്തി. ഇതിൽ അഞ്ചുപേർ പുതുമുഖങ്ങളാണ്.
തുടക്കം മുതൽ ഉയർന്നു കേട്ട പേരാണ് രാജു എബ്രഹാമിന്‍റേത്. എതിരില്ലാതെ ജില്ലാ സെക്രട്ടേറിയറ്റ് മുതൽ പ്രതിനിധികൾ വരെ പേര് അംഗീകരിച്ചു. 1996 മുതൽ 2021 വരെയുള്ള 25 വർഷക്കാലം റാന്നി എംഎൽഎയായിരുന്നു രാജു എബ്രഹാം. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും സംസ്ഥാന കമ്മിറ്റി അംഗവുമാണ്. മത്സരം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് രാജു എബ്രഹാമിനെ തിരഞ്ഞെടുത്തത്. 25 വർഷത്തെ ജനപ്രതിനിധി എന്ന അനുഭവസമ്പത്ത് പാർട്ടിയെ നയിക്കാൻ കരുത്താകുമെന്ന് രാജു എബ്രഹാം പറഞ്ഞു.
ജില്ലാ സെക്രട്ടറിയായിരുന്ന കെ പി ഉദയഭാനു , മുൻ എംഎൽഎ കെ സി രാജഗോപാൽ, കൊടുമൺ പഞ്ചായത്ത് പ്രസിഡണ്ട് കെ കെ ശ്രീധരൻ, സിപിഎം നേതാവ് പീലിപ്പോസ് തോമസ് തുടങ്ങി ആറു പേരെ ഒഴിവാക്കി. വിഭാഗീയതയെ തുടർന്ന് ഒഴിവാക്കിയ തിരുവല്ല മുൻ ഏരിയ സെക്രട്ടറി ഫ്രാൻസിസ് ആന്റണിയെ തിരിച്ചെടുത്തു.ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയടക്കം മറ്റ് അഞ്ച് പുതുമുഖങ്ങളെ കൂടി ഉൾപ്പെടുത്തി. അടൂരിൽ നിന്നുള്ള ഒരു പ്രതിനിധിയെ കൂടി ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യമുയർന്നെങ്കിലും പിന്നീടാകാം എന്ന നിലപാട് നേതൃത്വം സ്വീകരിച്ചു.