കര്‍ണാടകയില്‍ അങ്കണവാടിക്ക് സമീപത്തുവച്ച് പാമ്പുകടിയേറ്റ് അഞ്ചുവയസുകാരി മരിച്ചു. സിര്‍സിയിലെ മാരിക്കമ്പ സിറ്റിയിലെ അങ്കണവാടിയില്‍ പഠിക്കുന്ന മയൂരി സുരേഷാണ് മരിച്ചത്. ഡിസംബര്‍ 31ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം നടന്നത്. മൂത്രമൊഴിക്കാന്‍ അങ്കണവാടിക്ക് പുറത്തുള്ള പറമ്പിലേക്ക് പോയപ്പോഴാണ് മയൂരിയെ പാമ്പ് കടിച്ചത്. അങ്കണവാടിക്ക് ചുറ്റുമതിലോ നല്ല ശുചിമുറിയോ ഇല്ല. പ്രദേശമാകെ കാട് പിടിച്ച് അരക്ഷിതമായ സാഹചര്യത്തിലാണ് കുട്ടികള്‍ അങ്കണവാടിയില്‍ പഠിക്കുന്നത്.
പാമ്പ് കടിയേറ്റതിനു പിന്നാലെ കുട്ടി കരഞ്ഞുകൊണ്ട് ഓടിവരികയായിരുന്നുവെന്ന് ജീവനക്കാര്‍ പറയുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ വിഷം പടരാതിരിക്കാനായി തുണികൊണ്ട് കെട്ടിവച്ച് ഉടന്‍ തന്നെ ഒന്നരക്കിലോമീറ്റര്‍ ദൂരെയുള്ള മുണ്ട്‌ഗോഡിലെ താലൂക്ക് ആശുപത്രിയിലേക്ക് കുട്ടിയെ എത്തിച്ചു. ഇവിടെ നിന്നും ഹുബ്ബള്ളിയിലെ മെഡിക്കല്‍ കോളേജിലേക്ക് ഡോക്ടര്‍ നിര്‍ദേശിക്കുകയായിരുന്നു. എന്നാല്‍ ഹുബ്ബള്ളിയിലെത്തിക്കുംമുമ്പ് മയൂരി മരിച്ചു.
താലൂക്ക് ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടര്‍ ദീപയുടെ ഭാഗത്ത് നിന്നുണ്ടായ അനാസ്ഥ മൂലമാണ് കുട്ടി മരിച്ചതെന്നാണ് ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നത്. പാമ്പ് കടിയേറ്റെന്ന് വ്യക്തമായിട്ടും ഡോക്ടര്‍ ആന്റി വെനം നല്‍കാതെ മെഡിക്കല്‍ കോളേജിലേക്ക് അയയ്ക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. അടിയന്തര പരിചരണം നല്‍കാതെ മയൂരിയെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റാനായി ആശുപത്രി ജീവനക്കാര്‍ നിര്‍ബന്ധിച്ചുവെന്നും ബന്ധുക്കള്‍ പറയുന്നു.
കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളെ കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മുണ്ട്‌ഗോഡിലെ വനിതാ സ്വയം സഹായ സംഘങ്ങള്‍ തഹസില്‍ദാര്‍ക്ക് നിവേദനം നല്‍കിയ. തഹസില്‍ദാരുടെ ഓഫീസിന് മുന്നില്‍ നാട്ടുകാര്‍ പ്രതിഷേധ പ്രകടനവും നടത്തി.