wedding

പ്രതീകാത്മക ചിത്രം.

വിവാഹച്ചടങ്ങുകള്‍ക്കിടെ ശുചിമുറിയിലേക്ക് പോയ വധുവിനെ കാണാനില്ല. ശുചിമുറിയിലേക്കെന്ന് പറഞ്ഞു പോയ വധു വിവാഹ ആവശ്യങ്ങള്‍ക്ക് കരുതിയിരുന്ന പണവും സ്വര്‍ണവും കൂടെ കൊണ്ടുപോയി. ഇതോടെ വിവാഹം മുടങ്ങി. ഉത്തര്‍പ്രദേശിലെ ഖോരഖ്പുരിലാണ് സംഭവം. 

ഖജിനിയിലുള്ള ഒരു ശിവക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹച്ചടങ്ങുകള്‍. നാല്‍പ്പതുകാരന്‍ കമലേഷ് കുമാറായിരുന്നു വരന്‍. ഇയാളുടെ ആദ്യ വിവാഹബന്ധത്തിലെ ഭാര്യ മരിച്ചതോടെയാണ് മറ്റൊരു വിവാഹം എന്ന തീരുമാനത്തിലെത്തിയത്. രണ്ടാം വിവാഹത്തിന് തയ്യാറെടുത്ത കമലേഷ് വധുവിനെ കണ്ടെത്തിയ ബ്രോക്കര്‍ക്ക് കമ്മീഷനായി മാത്രം നല്‍കിയത് മുപ്പതിനായിരത്തോളം രൂപയാണ്. വിവാഹച്ചെലവ് വേറെയും. 

സീതാപുരിലുള്ള ഗോവിന്ദ്പുര്‍ എന്ന ഗ്രാമത്തിലെ കര്‍ഷകനാണ് കമലേഷ്. വലിയ പ്രതീക്ഷകളുമായാണ് കമലേഷ് രണ്ടാം വിവാഹത്തിനൊരുങ്ങിയത്. പ്രതിശ്രുത വധുവിന് വസ്ത്രങ്ങളും ആഭരണങ്ങളും സൗന്ദര്യവര്‍ധക വസ്തുക്കളും തുടങ്ങി സകലതും വാങ്ങിനല്‍കി. വിവാഹച്ചെലവ് മുഴുവന്‍ കമലേഷ് സ്വയം ഏറ്റെടുത്തു. പക്ഷേ വിവാഹം മുടങ്ങിയതോടെ എല്ലാം വെറുതെയായി എന്നു പറഞ്ഞ് ഇയാള്‍ മാധ്യമങ്ങള്‍ക്കു മുന്നിലെത്തി. ഒരു കുടുംബം കെട്ടിപ്പടുക്കാനായിരുന്നു തന്‍റെ തീരുമാനം. എന്നാല്‍ എല്ലാം തകിടം മറിഞ്ഞുവെന്ന് കമലേഷ്.

കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു കമലേഷിന്‍റെ രണ്ടാം വിവാഹം തീരുമാനിച്ചിരുന്നത്. അമ്മയേയും കൂട്ടു വധു ക്ഷേത്രത്തിലെത്തി. കുടുംബാംഗങ്ങളുമായി കമലേഷും എത്തിയിരുന്നു. വിവാഹച്ചടങ്ങ് നടക്കുന്നതിനിടെ വധു ശുചിമുറി ഉപയോഗിക്കണമെന്നു പറഞ്ഞു. പക്ഷേ പോയ ആള്‍ പിന്നീട് മടങ്ങിവന്നില്ല. കൂടെപ്പോയ അമ്മയും. സംഭവത്തില്‍‌ ഇതുവരെ ആരും പരാതിയുമായി മുന്നോട്ടുവന്നിട്ടില്ല എന്നാണ് പൊലീസിന്‍റെ പ്രതികരണം. ആരെങ്കിലും പരാതിപ്പെട്ടാല്‍ അന്വേഷണം നടത്തുമെന്ന് സൗത്ത് എസ്.പി ജിതേന്ദ്ര കുമാര്‍ വ്യക്തമാക്കി. 

ENGLISH SUMMARY:

A bride decamped mid-wedding with jewellery and cash leaving her 40-year-old groom high and dry. When the rituals began, the bride excused herself to the bathroom and never returned. Her mother also disappeared, says groom Kamalesh.