ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ എട്ട് സുരക്ഷാസേനാംഗങ്ങള്‍ അടക്കം 9 പേര്‍ക്ക് വീരമൃത്യു. പതിനൊന്ന് ജവാന്‍മാര്‍ക്ക് പരുക്കേറ്റു. ജില്ലാ റിസര്‍വ് ഗാര്‍ഡ് സേനാംഗങ്ങള്‍ സഞ്ചരിച്ചിരുന്ന വാഹനത്തെ ലക്ഷ്യംവച്ച് ഐ.ഇ.ഡി. സ്ഫോടനം നടത്തുകയായിരുന്നു. ജവാന്‍മാരുടെ ജീവത്യാഗം വെറുതെയാവില്ലെന്ന് മുഖ്യമന്ത്രി വിഷണു ദിയോ സായ് പറഞ്ഞു.
ഛത്തീസ്ഗഡിലെ ബിജാപൂരില്‍ ഇന്നുച്ചയോടെയാണ് ആക്രമണമുണ്ടായത്. ദണ്ഡേവാഡ, നാരായണ്‍പുര്‍, ബിജാപുര്‍ ജില്ലകളില്‍ സംയുക്ത പരിശോധന കഴിഞ്ഞ് മടങ്ങുകയായിരുന്ന ജില്ലാ റിസര്‍വ് ഗാര്‍ഡ് അംഗങ്ങളുടെ വാഹനം ഐ.ഇ.ഡി സ്ഫോടനത്തെ തുടര്‍ന്ന് പൊട്ടിത്തെറിക്കുകയായിരുന്നു.
എട്ടു ജവാന്‍മാരും ഡ്രൈവറും സംഭവസ്ഥലത്തുതന്നെ മരിച്ചു. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. 20 പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. സ്ഫോടനം നടന്ന സ്ഥലത്ത് വന്‍ ഗര്‍ത്തം രൂപപ്പെട്ടു. നീചമായ പ്രവര്‍ത്തിയാണ് മാവോയിസ്റ്റുകളുടേതെന്നും ജവാന്‍മാരുടെ ജീവത്യാഗം വെറുതെയാവില്ലെന്നും മുഖ്യമന്ത്രി വിഷ്ണു ദിയോ സായ് പറഞ്ഞു.
നിരാശയില്‍നിന്നാണ് മാവോയിസ്റ്റുകള്‍ ഇത്തരം നീചമായ ആക്രമണം നടത്തുന്നതെന്ന് ഉപമുഖ്യമന്ത്രി അരുണ്‍ സാവോയും പറഞ്ഞു. ശനിയാഴ്ച ബസ്തറില്‍ അഞ്ച് മാവോയിസ്റ്റുകളെ വില്ലേജ് റിസര്‍വ് ഗാര്‍ഡ് വധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മാവോയിസ്റ്റുകളുടെ ആക്രമണം.