സ്കൂളില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുംവഴി തടിക്കഷ്ണം തലയില്‍ വീണ് പതിനഞ്ചുകാരിക്ക് ദാരുണാന്ത്യം. നിര്‍മാണത്തിലിരുന്ന കെട്ടിടത്തില്‍ നിന്ന് തെറിച്ചുവീണ തടിക്കഷ്ണമാണ് വിദ്യാര്‍ഥിനിയുടെ തലയില്‍ പതിച്ചത്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ കുട്ടിയെ സംഭവസ്ഥലത്ത് ഓടിക്കൂടിയവര്‍ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബെംഗളൂരുവിലെ വി.വി പുരത്താണ് സംഭവം.
നാഷണല്‍ ഹൈസ്കൂള്‍ റോഡിലെ നാഷണല്‍ കോളജ് മെട്രോ സ്റ്റേഷന് സമീപമാണ് അപകടമുണ്ടായത്. വാസവി വിദ്യാ നികേതന്‍ സ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിനി തേജസ്വിനിയാണ് മരിച്ചത്. കെ.ജി സഗര്‍ സ്വദേശിയാണ് തേജസ്വിനി. വീട്ടിലേക്ക് നടക്കുംവഴി ആറുനില കെട്ടിടത്തിനു മുകളില്‍ കെട്ടിടനിര്‍മാണത്തിനായി സ്ഥാപിച്ചിരുന്ന തടിക്കഷ്ണങ്ങളിലൊന്ന് അടര്‍ന്ന് തേജസ്വിനിയുടെ തലയില്‍ പതിക്കുകയായിരുന്നു.
സംഭവത്തില്‍ കെട്ടിട ഉടമയ്ക്കും എന്‍ജിനീയര്‍ക്കുമെതിരെ തേജസ്വിനിയുടെ കുടുംബം രംഗത്തെത്തി. വേണ്ടത്ര സുരക്ഷാക്രമീകരണങ്ങള്‍ സ്വീകരിക്കാതെയാണ് കെട്ടിടം നിര്‍മിക്കുന്നത് എന്ന ആരോപണമാണ് കുടുംബം ഉയര്‍ത്തുന്നത്. നല്ല തിരക്കുള്ള പ്രദേശമാണ്. ധാരാളം ആളുകള്‍, കുട്ടികളുള്‍പ്പെടെ നടന്നുപോകുന്ന വഴിയാണ്. സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചാല്‍ ഈ ദാരുണസംഭവം ഒഴിവാക്കാമായിരുന്നതാണ് എന്ന് തേജസ്വിനിയുടെ ബന്ധു മാധ്യമങ്ങളോട് പ്രതികരിച്ചു.
സംഭവസ്ഥലം സന്ദര്‍ശിച്ച പൊലീസ് കെട്ടിടനിര്‍മാണത്തിന് വേണ്ട സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കണമെന്ന് നിര്‍ദേശിച്ചു. കാല്‍നടയാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ യാതൊരു പ്രവര്‍ത്തനങ്ങളും പാടില്ലെന്ന് കര്‍ശന നിര്‍ദേശം നല്‍കി. തേജസ്വിനിയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കിയിട്ടില്ല. പരാതി ലഭിക്കുന്നപക്ഷം വേണ്ട നടപടികള്‍ കൈക്കൊള്ളുമെന്നും പൊലീസ് അറിയിച്ചു.