തിരുപ്പതി ക്ഷേത്രത്തിലെ തിക്കിലും തിരക്കിലും പെട്ട് 6 സ്ത്രീകള്‍ മരിച്ച സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് ആന്ധ്ര സര്‍ക്കാര്‍. വൈകുണ്ഠ ഏകാദശി ടോക്കണ്‍ നല്‍കുന്ന കൗണ്ടറിലാണ് തിക്കും തിരക്കുമുണ്ടായത്. ടോക്കണ്‍ വിതരണം തുടങ്ങിയതോടെ ഭക്തര്‍ വരി തെറ്റിച്ചതാണ് അപകടത്തിന് കാരണമായത്. വൈകുണ്ഠ ഏകാദശി ദര്‍ശന കൂപ്പണ്‍ വിതരണത്തിനായി താഴെ തിരുപ്പതിയില്‍ സജ്ജമാക്കിയ കൗണ്ടറിന് മുന്നിലുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് മരണം.
നിരവധി പേര്‍ക്ക് പരുക്കേറ്റിറ്റുണ്ട്. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് അപകടമുണ്ടായത്. വ്യാഴാഴ്ച വെളുപ്പിന് അഞ്ച് മണിയോടെയാണ് ദര്‍ശന കൂപ്പണ്‍ നല്‍കാനിരുന്നത്. ഇതിനായി ബുധനാഴ്ച രാത്രി തന്നെ ആയിരക്കണക്കിന് ഭക്തര്‍ ക്യൂ നില്‍ക്കുകയും തിരക്ക് നിയന്ത്രണം വിടുകയുമായിരുന്നു. കൂപ്പണ്‍ നല്‍കുന്നതിനായി 90 കൗണ്ടറുകളാണ് സജ്ജമാക്കിയിരുന്നത്.
തിരക്കിനിടെ താഴെ വീണ ആളുകള്‍ക്ക് മുകളിലുടെ മറ്റുള്ളവര്‍ പരിഭ്രാന്തരായി ഓടിയതാണ്് മരണനിരക്ക് കൂട്ടിയത്. ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു തിരുപ്പതി തിരുമല ദേവസ്ഥാനം അധികൃതരുമായി സംസാരിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് സ്ഥലത്തേക്ക് കൂടുതല്‍ പൊലീസുകാരെ എത്തിച്ചു. പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കാനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.