ഹണിറോസിനെതിരെ നടത്തിയത് ദ്വയാര്‍ഥ പ്രതികരണമെന്ന് ബോബി ചെമ്മണ്ണൂര്‍. മോശമായ കാര്യങ്ങളൊന്നും ഞാന്‍ പറഞ്ഞിട്ടില്ല, കുറ്റബോധമില്ല. പൊലീസ് പിടികൂടിയത് മുന്‍കൂര്‍ ജാമ്യമെടുക്കാന്‍ പോകുമ്പോള്‍. കേസിനുപിന്നില്‍ ഗൂഢാലോചനയില്ലെന്നും ബോബി ചെമ്മണ്ണൂര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം, നടി ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ച കേസില്‍ ബോബി ചെമ്മണ്ണൂരിനെ പ്രത്യേക അന്വേഷണസംഘം  ചോദ്യംചെയ്തു. കൊച്ചി സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലായിരുന്നു ചോദ്യംചെയ്യല്‍. ശേഷം ബോബിയെ വൈദ്യ പരിശോധനയ്ക്കായി എറണാകുളം ജനറൽ ആശുപത്രിയിലെത്തിച്ചു. അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് നടപടി. വൈദ്യ പരിശോധനയ്ക്ക് ശേഷം പുറത്തിറക്കുമ്പോഴായിരുന്നു പ്രതികരണം.

വയനാട്ടിലെ റിസോര്‍ട്ടില്‍ നിന്ന് കോയമ്പത്തൂരിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു കാര്‍ വളഞ്ഞ് പൊലീസ് ബോബിയെ കസ്റ്റഡിയിലെടുത്തത്. ഹണിറോസിന്‍റെ പരാതി ലഭിച്ച് പതിനഞ്ചാം മണിക്കൂറിലായിരുന്നു സെന്‍ട്രല്‍ പൊലീസിന്‍റെ നടപടി. ദ്വയാര്‍ഥപ്രയോഗത്തിലൂടെ ലൈംഗികാധിക്ഷേപം നടത്തുന്നതിന്‍റെ വിഡിയോ സഹിതം നല്‍കിയ പരാതിയില്‍ ജാമ്യമില്ലാവകുപ്പ് ചുമത്തിയാണ് പൊലീസ് കേസെടുത്തത്. ഭാരതീയ ന്യായ സംഹിതയിലെ 75ാം വകുപ്പ് പ്രകാരം ലൈംഗികാതിക്രമവും ഐടി ആക്ടിലെ 67 ാം വകുപ്പുപ്രകാരമുള്ള കുറ്റവുമാണ് ബോബിക്കെതിരെ ചുമത്തിയത്. ബോബിയുടെ ഫോണ്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഫൊറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കും. നാളെയാണ് കോടതിയില്‍ ഹാജരാക്കുക. ബോബിയുടെ ജാമ്യാപേക്ഷയില്‍ അഡ്വ.ബി.രാമന്‍പിള്ള ഹാജരാകും. എറണാകുളം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക.

അതേസമയം, ബോബി ചെമ്മണ്ണൂരിനെതിരെ ഹണി റോസ് രഹസ്യമൊഴി നല്‍കി. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലെ മൊഴിയെടുപ്പ് രണ്ടുമണിക്കൂര്‍ നീണ്ടു. ഭരണഘടന വാഗ്ദാനം ചെയ്ത പൗരന്റെ അവകാശം തേടിയായിരുന്നു പോരാട്ടമെന്നും, ഒപ്പം നിന്നവര്‍ക്കും, ശക്തമായ നടപടി ഉറപ്പുനല്‍കിയ സര്‍ക്കാരിനും മുഖ്യമന്ത്രിക്കും പൊലീസിനും നന്ദിയെന്നും ഹണി റോസ് ഫെയ്സ്ബുക്കിലൂടെ പ്രതികരിച്ചിരുന്നു.‌‌‌

ENGLISH SUMMARY:

Boby Chemmanur claims his comment on Honey Rose was a double-meaning remark, denying any conspiracy. Arrested by police, he faces charges under IPC and IT Act. Honey Rose provided secret testimony and expressed gratitude for justice on Facebook.