ഭാര്യയേയും മകളേയും മരുമകളേയും കൊലപ്പെടുത്തിയ ശേഷം പൊലീസ് സ്റ്റേഷനില്‍ വന്നു കീഴടങ്ങി 40കാരന്‍. ബംഗളൂരു പീനിയ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ബുധനാഴ്ച വൈകിട്ട് അഞ്ചേകാലോടെയാണ് ചോരയൊലിക്കുന്ന വാളും കയ്യില്‍പ്പിടിച്ച് ഒരാള്‍ പീനിയ സ്റ്റേഷനിലെത്തിയത്. മൂന്നു സ്ത്രീകളെ കൊലപ്പെടുത്തിയെന്ന് പറഞ്ഞായിരുന്നു കീഴടങ്ങല്‍.
ഹോംഗാര്‍ഡ് ആയി ജോലിചെയ്യുന്ന 40കാരന്‍ ഗംഗരാജു ആണ് അറുംകൊല നടത്തിയത്. സ്റ്റേഷനിലെത്തി കാര്യങ്ങള്‍ വിവരിച്ചതിനു പിന്നാലെ പൊലീസ് ഇയാളുടെ ചൊക്കസാന്ദ്രയിലെ വീട്ടിലെത്തി. മൂന്നുപേരും ചോരയില്‍ കുളിച്ചുകിടക്കുന്ന കാഴചയാണ് പൊലീസ് കണ്ടത്. മൂന്നുപേരുടേയും കഴുത്തിലുള്‍പ്പെടെ ശരീരത്തിലെ പല ഭാഗങ്ങളിലും വെട്ടേറ്റിട്ടുണ്ട്.
ഗംഗരാജുവിന്റെ ഭാര്യ ഭാഗ്യ (38), മകള്‍ നവ്യ (19), മരുമകള്‍ ഹേമാവതി (23) എന്നിവരാണ് കൊല്ലപ്പെട്ടത്. ഭാര്യയ്ക്ക് പരപുരുഷബന്ധമുണ്ടെന്നാരോപിച്ചായിരുന്നു കൊലപാതകം. ഇതിന്റെ പേരില്‍ ഭാഗ്യയുമായി ഗംഗരാജു പലതവണ പ്രശ്നങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടെന്നും പൊലീസ് പറയുന്നു. കൊലപാതകം തടയാന്‍ നിന്നതിന്റെ പേരിലായിരുന്നു മകളെയും മരുമകളെയും കൊലപ്പെടുത്തിയതെന്നും ഗംഗരാജു മൊഴി നല്‍കിയിട്ടുണ്ട്. തന്റെ ഭാഗത്താണ് കുറ്റമെന്ന് പറയുകയും ഭാര്യയെ അനുകൂലിച്ചതാണ് മറ്റ് രണ്ടുപേരെയും കൊല ചെയ്യാന്‍ കാരണമെന്നും ഇയാള്‍ പറഞ്ഞു.
മൂന്നുപേരുടെയും മരണം സ്ഥിരീകരിച്ച ശേഷം പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ച് ചെയ്ത കുറ്റം ഏറ്റുപറയുകയും കീഴടങ്ങുകയാണെന്ന് അറിയിക്കുകയും ചെയ്തു. പിന്നാലെ കൊലപ്പെടുത്താനുപയോഗിച്ച വാളുമായി പോലീസ് സ്റ്റേഷനിലെത്തി ഇയാള്‍ കീഴടങ്ങുകയായിരുന്നു.