ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇത്തവണ ബി.ജെ.പിയുടെ പ്രചാരണത്തിന് മുന്‍നിരയില്‍ നില്‍ക്കുന്നത് എ.എ.പിയില്‍നിന്നും കോണ്‍ഗ്രസില്‍നിന്നും എത്തിയ രണ്ട് മുതിര്‍ന്ന നേതാക്കളാണ്. മുന്‍ മന്ത്രി കൈലാഷ് ഗെലോട്ടും മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ അരവിന്ദര്‍ സിങ് ലൗലിയും. കേജ്‌രിവാള്‍ മുഖ്യമന്ത്രിയായിരിക്കെ മണിമാളിക പണിതു എന്ന് സമര്‍ഥിക്കുകയാണ് അന്ന് സഹപ്രവര്‍ത്തകനായിരുന്ന കൈലാഷ് ഗെലോട്ട്. കോണ്‍ഗ്രസിന്‍റെയും എ.എ.പിയുടെയും വാഗ്ദാനങ്ങള്‍ പൊള്ളയാണെന്ന് അരവിന്ദര്‍ സിങ് ലൗലിയും മനോരമ ന്യൂസിനോട് പറഞ്ഞു.
കേജ്‌രിവാളിന്‍റെ വിശ്വസ്തനും ഗതാഗത മന്ത്രിയുമായിരുന്ന കൈലാഷ് ഗെലോട്ട് രണ്ടുമാസം മുന്‍പാണ് എ.എ.പി വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നത്. ഇന്ന് കേജ്‌രിവാളിന്‍റെ ഏറ്റവും വലിയ വിമര്‍ശകരില്‍ ഒരാളും ബിജ്‌വാസന്‍ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ഥിയുമാണ് ഗെലോട്ട്. കേജ്‌രിവാള്‍ നിര്‍മിച്ചുവെന്ന് ബി.ജെ.പി. ആരോപിക്കുന്ന മണിമാളികയില്‍ മന്ത്രിയെന്ന നിലയില്‍ ഒട്ടേറെതവണ പോയിട്ടുണ്ട് അദ്ദേഹം. വസതി നിര്‍മാണത്തില്‍ അഴിമതിയുണ്ടെന്ന് തറപ്പിച്ചുപറയുന്നു കൈലാഷ് ഗെലോട്ട്
കഴിഞ്ഞവര്‍ഷം പി.സി.സി. പ്രസിഡന്‍റ് പദവി രാജിവച്ച് നേരെ ബി.ജെ.പിയിലേക്ക് ചേക്കേറിയ അരവിന്ദര്‍ സിങ് ലൗലി ഇത്തവണ ഗാന്ധി നഗറിലെ ബി.ജെ.പി. സ്ഥാനാര്‍ഥിയാണ്. കോണ്‍ഗ്രസിനേക്കാള്‍ എ.എ.പിയെയാണ് ലൗലി എതിരാളിയായി കാണുന്നത്. ഭരണനേട്ടങ്ങള്‍ പറയാന്‍ ഇല്ലാത്തതുകൊണ്ടാണ് അവര്‍ സൗജന്യങ്ങള്‍ പ്രഖ്യാപിക്കുന്നതെന്ന് ലൗലി.
ബി.ജെ.പി. അധികാരത്തില്‍ എത്തിയാലും ഇല്ലെങ്കിലും കൈലാഷ് ഗെലോട്ടിനും അരവിന്ദര്‍ സിങ് ലൗലിക്കും അവരുടെ കൂടുമാറ്റം ശരിയായിരുന്നു എന്ന് തെളിയിക്കാന്‍ തിരഞ്ഞെടുപ്പില്‍ ജയം അനിവാര്യമാണ്