ജോയിന്റെ എന്‍ട്രന്‍സ് പരീക്ഷ വിജയിക്കാനാവില്ലെന്ന ഭയത്താല്‍ 24 മണിക്കൂറിനിടെ ആത്മഹത്യ ചെയ്തത് രണ്ട് വിദ്യാര്‍ഥികള്‍. അഭിഷേക് ലോധയെന്ന 20 വയസുകാരന്‍ ആത്മഹത്യാക്കുറിപ്പും എഴുതിവച്ചിട്ടുണ്ട്. ജെഇഇ നേടാനാവില്ലെന്നും രാജ്യത്തെ മികച്ച എഞ്ചിനീയറിങ് കോളജില്‍ പ്രവേശനം ലഭിക്കാന്‍ അത് അത്യാവശ്യമാണെന്നും അതിന് തനിക്ക് പ്രാപ്തിയില്ലെന്നും അഭിഷേക് കുറിപ്പില്‍ പറയുന്നു. ബുധനാഴ്ചയാണ് സ്വന്തം ഹോസ്റ്റല്‍ മുറിയില്‍ 20 വര്‍ഷം മാത്രം നീണ്ട ജീവിതം അഭിഷേക് അവസാനിപ്പിച്ചത്. കോട്ടയിലെ കോച്ചിങ് ഹബിലാണ് അഭിഷേക് പരിശീലനം നടത്തുന്നത്. താന്‍ കഴിവിന്റെ പരമാവധി ശ്രമിച്ചെങ്കിലും തോറ്റ് പിന്‍മാറുകയാണെന്നായിരുന്നു അഭിഷേകിന്റെ അവസാനവാക്കുകള്‍.
അഭിഷേകിന്റെ മരണത്തിനു തൊട്ടുമുന്‍പ് 19വയസുകാരനായ വിദ്യാര്‍ഥിയും ഹോസ്റ്റല്‍മുറിയില്‍ തൂങ്ങിമരിച്ചു. ജെഇഇ തന്റെ കഴിവിനും അപ്പുറത്താണെന്ന ബോധ്യപ്പെടലായിരുന്നു ആ യുവജീവനും അവസാനിക്കാന്‍ കാരണമായത്. ഇതോടെ 24മണിക്കൂറിനുള്ളില്‍ പ്രവേശനപ്പരീക്ഷ ഭയന്ന് രണ്ടു കുട്ടികള്‍ ജീവനൊടുക്കിയെന്നതാണ് വാസ്തവം.
മധ്യപ്രദേശിലെ ഗുണ സ്വദേശിയാണ് അഭിഷേക് ലോധ. ജെഇഇ പരിശീലനത്തിനായി കഴിഞ്ഞ മെയ് മാസത്തിലാണ് അഭിഷേക് കോട്ടയിലെത്തിയത്. നന്നായി പഠിക്കുന്ന കുട്ടിയായിരുന്നുവെന്നും പഠനത്തില്‍ ബുദ്ധിമുട്ട് ഉള്ളതായി ഇതുവരേയും പറഞ്ഞിട്ടില്ലെന്നും അഭിഷേകിന്റെ മൃതദേഹം ഏറ്റുവാങ്ങാനെത്തിയ സഹോദരനും അമ്മാവനും പറയുന്നു. മരിക്കുന്നതിനു മണിക്കൂറുകള്‍ക്ക് മുന്‍പും അഭിഷേകുമായി സംസാരിച്ചിരുന്നെന്നും ബന്ധുക്കള്‍ വെളിപ്പെടുത്തുന്നു.
കുട്ടികളുടെ മരണത്തിനു പിന്നാലെ വിഗ്യാന്‍നഗര്‍ പൊലീസ് അന്വേഷണവും ആരംഭിച്ചു. ഹോസ്റ്റല്‍മുറികളിലും മറ്റും മരിക്കാന്‍ സാഹചര്യമൊരുക്കുന്ന കാര്യങ്ങളൊന്നും ഉണ്ടാവരുതെന്ന് പെയിങ് ഗസ്റ്റ് അക്കൊമഡേഷന്‍ സെന്ററുകള്‍ക്ക് കര്‍ശനനിര്‍ദേശം നല്‍കുമെന്ന് പൊലീസ് അറിയിച്ചു. ഹരിയാനയിലെ മഹേന്ദ്രഗര്‍ സ്വദേശിയായ നീരജും ഹോസ്റ്റല്‍മുറിയിലെ ഫാനിലാണ് ജീവന്‍ അവസാനിപ്പിച്ചത്. നീരജ് വീട്ടിലേക്ക് വരാനിരുന്നതാണെന്നും പിന്നെന്താണ് സംഭവിച്ചതെന്നറിയില്ലെന്നും പിതാവ് പറയുന്നു.
എന്‍ട്രന്‍സ് പരീക്ഷാ പരിശീലനത്തിന്റെ തലസ്ഥാനമാണ് രാജസ്ഥാനിലെ കോട്ട. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള കുട്ടികള്‍ ഇവിടെ പരിശീലനം നേടുന്നുണ്ട്. 2023ല്‍ 24 പേരും 2024ല്‍ പതിനേഴ് പേരുമാണ് ഈ എന്‍ട്രന്‍സ് കോട്ടയില്‍ നിന്നും രക്ഷപ്പെടാനാകാതെ ജീവനൊടുക്കിയത്.