image: X

image: X

സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കൊപ്പം ആഹ്ളാദത്തിമിര്‍പ്പില്‍ വിവാഹവാര്‍ഷികാഘോഷം. പിന്നെ ചലച്ചിത്രത്തെ പോലും വെല്ലുന്ന ക്ലൈമാക്സ്. ആഘോഷത്തിന് ഒപ്പം കൂടിയവരെയെല്ലാം വേദനയിലാഴ്ത്തി ജെറില്‍ ഡാംസന്‍ ഓസ്കര്‍ മോണ്‍ക്രിഫും (57) ഭാര്യ ആനും (46) ജീവനൊടുക്കി. മഹാരാഷ്ട്രയിലെ നാഗ്പുരിലാണ് സംഭവം. അര്‍ധരാത്രിയോളം സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമായി വീട്ടില്‍ പാര്‍ട്ടി നടത്തിയ ശേഷമാണ് ഇരുവരും മരിച്ചത്. 26 വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിവാഹ ദിവസം ധരിച്ച അതേ വസ്ത്രങ്ങള്‍ ധരിച്ച്, ആഭരണങ്ങളും പൂവും ചൂടി വധൂവരന്‍മാരായി ഒരുങ്ങിയ നിലയിലായിരുന്നു ഇരുവരെയും കണ്ടെത്തിയത്.

ജെറിലിന്‍റെ മൃതദേഹം അടുക്കളയിലെ ഫാനില്‍ തൂങ്ങിയ നിലയിലും ആനിന്‍റെ മൃതദേഹം കിടപ്പുമുറിയിലെ കട്ടിലില്‍ കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. ആന്‍ ആദ്യം തൂങ്ങി മരിച്ചുവെന്നും മൃതദേഹം അഴിച്ച് കട്ടിലില്‍ കിടത്തി പൂക്കള്‍ കൊണ്ട് അലങ്കരിച്ച ശേഷം ജെറില്‍ ജീവനൊടുക്കിയെന്നുമാണ് പ്രാഥമിക നിഗമനം.

മക്കളില്ലാതിരുന്ന ദമ്പതിമാര്‍ വാട്സാപ്പില്‍ ആത്മഹത്യാക്കുറിപ്പ് സ്റ്റാറ്റസായി പങ്കുവയ്ക്കുകയും വില്‍പത്രം സ്റ്റാംപ് പേപ്പറില്‍ എഴുതി വയ്ക്കുകയും ചെയ്തിരുന്നു. മരണത്തിന് ആരും ഉത്തരവാദികളല്ലെന്നും സ്വത്തുവകകള്‍ എല്ലാവരും തുല്യമായി വീതിച്ചെടുക്കണമെന്നും ആന്‍ മരിക്കുന്നതിന് മുന്‍പ് ചിത്രീകരിച്ച വിഡിയോയില്‍ പറയുന്നു. കൈകള്‍ കോര്‍ത്തുപിടിച്ച രീതിയില്‍ വേണം അടക്കം ചെയ്യാന്‍ എന്നായിരുന്നു ദമ്പതികള്‍ അന്ത്യാഭിലാഷമായി കുറിച്ചിരുന്നത്. പ്രമുഖ ഹോട്ടലുകളില്‍ ഷെഫായി ജോലി ചെയ്തിരുന്ന ജെറില്‍ കോവിഡ് കാലത്താണ് ജോലി അവസാനിപ്പിച്ചത്. പണം പലിശയ്ക്ക് നല്‍കിയാണ് ഇവര്‍ പിന്നീട് ജീവിച്ചിരുന്നത്. 

പുലര്‍ച്ചെ 5.47ഓടെ ആനിന്‍റെ വാട്സാപ്പ് സ്റ്റാറ്റസ് കണ്ട ബന്ധുവാണ് മറ്റുള്ളവരെ വിളിച്ചറിയിച്ചത്. ഉടന്‍ തന്നെ പൊലീസ് സ്ഥലത്തേക്ക് എത്തിയെങ്കിലും ഇരുവരും മരിച്ചിരുന്നു. മരണത്തില്‍ ദുരൂഹതയില്ലെന്നാണ് ബന്ധുക്കളുടെ നിഗമനം. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ഇരുവരുടെയും മൊബൈല്‍ ഫോണുകള്‍ പൊലീസ് വിശദമായ പരിശോധനയ്ക്കായി ഫൊറന്‍സിക് ലാബിന് കൈമാറി. 

ENGLISH SUMMARY:

A couple celebrated their 26th wedding anniversary with friends and family, partying past midnight. Shortly after the celebrations ended, they donned their wedding attire and ended their lives in their home in Bengaluru.