വീട്ടിലെ വൈദ്യുതി ബിൽ അല്‍പ്പമൊന്ന് കൂടിയാൽ നമ്മളിൽ പലരും വല്ലാതെ അസ്വസ്ഥരാകും. എന്നാൽ ഹിമാചൽ പ്രദേശിലെ ഹാമിർപുരിൽ സംരംഭകനായ യുവാവിന് വൈദ്യുതി വകുപ്പ് അയച്ച ബില്‍ എത്രയെന്നോ...? 210 കോടി രൂപ! ലളിത് ധിമാൻ എന്നയാള്‍ക്കാണ് ഈ ഭീമൻ വൈദ്യുതി ബിൽ ലഭിച്ചത്.
കോൺക്രീറ്റ് കട്ടകള്‍ നിർമിക്കുന്ന ചെറുകിട സംരംഭകന്‍ ആണ് ഈ യുവാവ്. ഹാമിർപുരിലെ ഭോരഞ്ച് സബ് ഡിവിഷനിലെ ബെഹ്‌ദാവിൻ ജട്ടൻ ഗ്രാമത്തിലാണ് ധിമാന്‍റെ വീട്. 210,42,08,405 രൂപയാണ് ഇവരുടെ ഈ മാസത്തെ കറന്‍റ് ബിൽ. കഴിഞ്ഞ മാസം 2500 രൂപ ബില്ലടച്ച സ്ഥാനത്താണ് ഇക്കുറി 210 കോടി രൂപ വന്നത്.
എത്രയധികം വൈദ്യുതി ഉപയോഗിച്ചാലും രണ്ടുമാസത്തേക്ക് ഇത്ര വലിയ ബില്‍ എങ്ങനെ വരുമെന്ന് ചോദിച്ച് ലളിത് ധിമാൻ വൈദ്യുതി ഓഫീസിൽ പരാതി നൽകി. സാങ്കേതിക തകരാര്‍ മൂലമാണ് ഇത്ര വലിയ ബില്‍ വന്നതെന്നായിരുന്നു മറുപടി. ബിൽ തുക 4,047 രൂപയാക്കി പുതുക്കി നിശ്ചയിച്ചിട്ടുണ്ടെന്ന് ഭോരഞ്ച് ഇലക്ട്രിസിറ്റി ബോർഡിലെ സബ് ഡിവിഷണൽ ഓഫീസർ അനുരാഗ് ചന്ദേൽ വ്യക്തമാക്കി.
പുതുക്കിയ ബില്ലിൽ 836 യൂണിറ്റ് ഉപയോഗിച്ചെന്നാണ് കാണുന്നത്. അതിന് 4,047 രൂപ മാത്രമേ ഈടാക്കിയിട്ടുള്ളുവെന്നും ബോർഡ് അറിയിച്ചു. 210 കോടി രൂപയുടെ കറന്‍റ് ബിൽ സോഷ്യൽ മീഡിയയിൽ വൈറലായതോടെ വൈദ്യുതി വകുപ്പിനെ കുറ്റപ്പെടുത്തി നിരവധി പേര്‍ രംഗത്തുവന്നു.