തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ ഗോപന്‍സ്വാമിയുടെ 'സമാധി' വാര്‍ത്ത വലിയ വിവാദമാകുമ്പോൾ, അതിന് സമാനമായി 11 വർ‌ഷം മുൻപ് പഞ്ചാബിലുണ്ടായ മറ്റൊരു കേസ് വീണ്ടും ചര്‍ച്ചയാവുകയാണ്. നെയ്യാറ്റിൻകരയിലെ ഗോപന്‍ വ്യാഴാഴ്ച രാവിലെ മരിച്ചെന്നും, തുടർന്ന് സമാധിയിരുത്തിയതാണെന്നുമാണ് ഭാര്യയുടെയും മക്കളുടെയും അവകാശ വാദം. എന്നാല്‍ പഞ്ചാബിലെ സംഭവം ഇതിലും കൗതുകകരമാണ്. 

11 വർ‌ഷം മുൻപ് മരിച്ച ആത്മീയ നേതാവായ ദിവ്യജ്യോതി ജാഗൃതി സൻസ്ഥാൻ സ്ഥാപകൻ അശുതോഷ് മഹാരാജ് ഇന്നും  ജീവനോടെയുണ്ടെന്ന വിശ്വാസത്തിൽ അനുയായികൾ ഇപ്പോഴും അയാളുടെ ശവശരീരം ജലന്ധറിലെ ആശ്രമത്തിലെ ഫ്രീസറിൽ സൂക്ഷിച്ച് വെച്ചിരിക്കുകയാണ്. 

അശുതോഷ് മഹാരാജ് 2014 ജനുവരിയിലാണ് മരിച്ചത്. എന്താണ് മരണകാരണമെന്ന് ഇന്നും വ്യക്തമല്ല. ഹൃദയാഘാതമാവാം മരണകാരണമെന്നാണ് സംശയം. അശുതോഷ് മഹാരാജ് മരിച്ചിട്ടില്ലെന്നും, ഒരു ദിവസം ജീവിതത്തിലേക്കു മടങ്ങുമെന്നുമാണ് അനുയായികളുടെ ഉറച്ച വിശ്വാസം. അശുതോഷ് മഹാരാജിന്‍റെ മകനാണ് എന്നവകാശപ്പെടുന്ന ദിലീപ് കുമാറും അശുതോഷിന്റെ ശിഷ്യരും തമ്മിൽ‌ നിയമപോരാട്ടം തുടരുകയാണ്. 

അശുതോഷിന്റെ ഭൗതികദേഹം ദഹിപ്പിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ദിലീപ് കുമാര്‍ കോടതിയെ സമീപിച്ചത്. എന്നാൽ അദ്ദേഹം സമാധിയിലാണെന്നും അതുകൊണ്ട് ശരീരം ഫ്രീസറിൽ സൂക്ഷിക്കാൻ അനുവദിക്കണമെന്നും അനുയായികള്‍ കോടതിയോട് അപേക്ഷിച്ചു. പഞ്ചാബ് – ഹരിയാന ഹൈക്കോടതി 2017 ൽ അനുയായികളുടെ ആവശ്യം അംഗീകരിക്കുകയും ദിലീപ് കുമാര്‍ ഝായുടെ ഹർജി തള്ളുകയും ചെയ്തു.  

വൈദ്യശാസ്ത്രപരമായി അശുതോഷ് മഹാരാജ് മരിച്ചെന്നും, മൃതദേഹം എന്തു ചെയ്യണമെന്ന് തീരുമാനിക്കേണ്ടത് അനുയായികളാണെന്നും പഞ്ചാബ് ഗവണ്‍മെന്‍റ് പറഞ്ഞതിന്‍റെ അടിസ്ഥാനത്തിലാണ് കോടതി ഹര്‍ജി തള്ളിയതെന്ന് അഡിഷണല്‍ അഡ്വക്കറ്റ് ജനറലായിരുന്നു റീത കോലി പറഞ്ഞിട്ടുണ്ട്. 

ENGLISH SUMMARY:

Neyyattinkara Gopan swami samadhi echoes the ashutosh maharaj case in punjab