തിരുവനന്തപുരം വഴിമുക്കില്‍ ഗോപന്‍ സ്വാമി എന്നയാളുടെ മരണത്തില്‍ അടിമുടി ദുരൂഹത. സമാധിയായെന്ന് അവകാശപ്പെട്ട് സ്വാമിയുടെ മൃതദേഹം മക്കള്‍ രഹസ്യമായി സംസ്കരിച്ചു. വിവരം പുറത്തറിഞ്ഞതോടെ ദുരൂഹതയാരോപിച്ച് നാട്ടുകാര്‍ രംഗത്തെത്തി. അയല്‍വാസിയുടെ പരാതിയില്‍ കേസെടുത്ത പൊലീസ് കല്ലറ പൊളിച്ച് മൃതദേഹം പരിശോധിക്കാന്‍ കലക്ടറുടെ അനുമതി തേടി. അനുമതി ലഭിച്ച് പൊലീസ് സംഘം സ്ഥലത്തെത്തിയപ്പോഴാണ് പ്രതിരോധമുണ്ടായത്. 

ശനിയാഴ്ച രാവിലെയാണ് 78 വയസ്സുകാരനായ നെയ്യാറ്റിൻകര ഗോപൻ സ്വാമി മരിച്ചത് എന്നാണ് മകൻ സനന്ദൻ പറയുന്നത്. മക്കളായ സനന്ദനും  രാജസേനനും ചേർന്നാണ് വീടിനടുത്ത് സംസ്കാരം നടത്തി അവിടെ സമാധി മണ്ഡപം സ്ഥാപിച്ചത്. സ്വാമിയെ കാണാനില്ലെന്ന അയല്‍വാസിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തിരുന്നു. തുടര്‍ന്ന് സ്വാമിയുടെ മൃതദേഹം കല്ലറ തുറന്ന് പുറത്തെടുക്കാന്‍ ഇതിനായി പൊലീസ് കലക്ടറുടെ അനുമതിയും തേടി. 

പട്ടാപ്പകല്‍ ഇതുപോലൊരു തുറന്ന സ്ഥലത്ത് നടന്ന ഈ കാര്യങ്ങളൊന്നും നാട്ടുകാരോ അയല്‍വാസികളോ ആരും കണ്ടവരില്ല. അതുതന്നെയാണ് ദുരൂഹത ആരോപിക്കുന്നതിന്‍റെ കാരണം. നാട്ടുകാര്‍ ദുരൂഹത ആരോപിച്ചതോടെ സമാധി മണ്ഡപമെന്ന പേരില്‍ കെട്ടിയ കല്ലറ ശനിയാഴ്ച വൈകീട്ടോടെ പൊലീസ് സീല്‍ ചെയ്തു. ബന്ധുക്കള്‍ പരാതി നല്‍കാത്ത സാഹചര്യത്തില്‍ സ്വാമിയെ കാണാനില്ലെന്ന അയല്‍വാസിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. ഇതിന്‍റെ അടിസ്ഥാനത്തില്‍ കല്ലറ പൊളിച്ച് മൃതദേഹം പുറത്തെടുത്ത് പരിശോധിക്കാനും തീരുമാനിച്ചു.  ഇതിനായി ജില്ലാ കലക്ടറുടെ അനുമതി തേടി. അനുമതി കിട്ടിയതോടെ അടുത്ത നടപടികളിലേക്ക് കടന്നു. അങ്ങനെ ഇന്ന് പൊലീസ് സംഘം സ്ഥലത്തെത്തി. 

കല്ലറ  പൊളിക്കാന്‍ പൊലീസ് എത്തിയതോടെ കല്ലറയ്ക്ക് മുന്നില്‍ ഗോപന്‍ സ്വാമിയുടെ  ഭാര്യയും  ബന്ധുക്കളും കുത്തിയിരുന്ന്  പ്രതിഷേധിച്ചു. പൊലീസ് നടപടി ഏകപക്ഷീയമാണെന്നായിരുന്നു കുടുംബത്തിന്‍റെ നിലപാട്. ബഹളമായതോടെ കല്ലറ പൊളിക്കല്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തിവച്ചു. ബന്ധുക്കളുടെ ഭാഗംകൂടി കേള്‍ക്കുമെന്ന് സബ്കലക്ടര്‍ നിര്‍ദേശിച്ചതിന്‍റെ അടിസ്ഥാനത്തിലായിരുന്നു നടപടി. ഒടുവില്‍ നെയ്യാറ്റിന്‍കര സമാധി വിവാദത്തില്‍ ഗോപന്‍ സ്വാമിയുടെ കല്ലറ തല്‍ക്കാലം പൊളിക്കില്ലെന്ന് തീരുമാനമായി. പൊളിക്കുന്ന തിയതി നാളെ തീരുമാനിക്കുമെന്ന് സബ് കലക്ടര്‍ ഒ.വി. ആല്‍ഫ്രഡ് അറിയിച്ചു. കല്ലറ പൊളിക്കുന്നത് നിയമപരമായ നടപടിയെന്ന് കുടുംബത്തെ ബോധ്യപ്പെടുത്തും. ഉത്തരവിന്‍റെ പകര്‍പ്പ് കുടുംബത്തിന് നല്‍കും, അവര്‍ക്ക് നിയമനടപടി സ്വീകരിക്കാമെന്നും അസിസ്റ്റന്‍റ് കലക്ടര്‍ പറഞ്ഞു. കല്ലറ പൊളിക്കുന്നതിനെതിരെ നിയമപരമായി മുന്നോട്ടുപോകുമെന്ന് കുടുംബം അറിയിച്ചു. 

ENGLISH SUMMARY:

Samadhi Controversy at Neyyatinkara