തിരുപ്പതി ശ്രീവെങ്കിടേശ്വര ക്ഷേത്രത്തിലെ ലഡ്ഢു വിതരണകേന്ദ്രത്തില്‍ വന്‍ തീപിടിത്തം. ഉച്ചയ്ക്കുശേഷമാണ് അപകടം. കൗണ്ടറുകളില്‍ മുഴുവന്‍ പുക മൂടി. ക്ഷേത്ര അധികൃതര്‍ അതിവേഗം ഇടപെട്ടത്തിനാല്‍ തീ നിയന്ത്രിക്കാന്‍ കഴിഞ്ഞു. ആളപായമില്ല. ഏതാനുംപേര്‍ക്ക് പുക ശ്വസിച്ച് അസ്വസ്ഥത അനുഭവപ്പെട്ടതൊഴിച്ചാല്‍ മറ്റ് അപകടങ്ങളില്ലെന്നാണ് പ്രാഥമിക വിവരം.
പത്തുദിവസത്തെ വൈകുണ്ഠദ്വാര ദര്‍ശനസമയത്താണ് തീപിടിത്തമുണ്ടായത്. രാജ്യത്തിന്‍റെ വിവിധഭാഗങ്ങളില്‍ നിന്ന് ആയിരങ്ങള്‍ ഈ സമയത്ത് തിരുപ്പതി ദര്‍ശനത്തിന് എത്താറുണ്ട്. ബുധനാഴ്ച ക്ഷേത്രത്തിനടുത്തുണ്ടായ തിക്കിലും തിരക്കിലും പെട്ട് ആറുപേര്‍ മരിക്കുകയും നാല്‍പ്പതോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. വൈകുണ്ഠദ്വാര ദര്‍ശനത്തിനുള്ള ടിക്കറ്റ് വിതരണസ്ഥലത്താണ് ദുരന്തമുണ്ടായത്. ഇതേത്തുടര്‍ന്ന് എല്ലായിടത്തും കനത്ത സുരക്ഷാജാഗ്രത പുലര്‍ത്തുന്നുണ്ട്. തീപിടിത്തം യഥാസമയം നിയന്ത്രിക്കാനായത് ഈ മുന്നൊരുക്കത്തിന്‍റെ ഫലമാണെന്ന് കരുതുന്നു.