പെണ്‍സുഹൃത്തിന്റെ ഭര്‍ത്താവിനെ കാറിന്‍റെ ബോണറ്റിലിരുത്തി കിലോമീറ്ററുകളോളം യുവാവിന്‍റെ ഡ്രൈവിങ്. ഉത്തര്‍പ്രദേശിലെ മൊറാദാബാദിലാണ് സംഭവം. ബൈക്കില്‍ വരികയായിരുന്ന സമീര്‍ മറ്റൊരു യുവാവിനൊപ്പം തന്‍റെ ഭാര്യയെ കണ്ടതോടെയാണ് സംഭവത്തിന്‍റെ തുടക്കം.
കാറില്‍ യാത്ര ചെയ്യുകയായിരുന്ന ഭാര്യയെയും ഒപ്പമുണ്ടായിരുന്ന മാഹിര്‍ എന്ന യുവാവിനെയും തടയാനായി സമീര്‍ ശ്രമിച്ചെങ്കിലും സമീറിനെ കണ്ടതോടെ ഇയാള്‍ കാര്‍ നിര്‍ത്താതെ പോവുകയായിരുന്നു. ഇതോടെ ബൈക്കില്‍ നിന്നും കാറിന്‍റെ ബോണറ്റിലേക്ക് വീണ സമീറിനെയും കൊണ്ട് മാഹിര്‍ കിലോമീറ്ററുകളോളം അതിവേഗത്തില്‍ വണ്ടിയോടിച്ചു. ആഗ്ര സംസ്ഥാന പാതയിലെ കട്ഗര്‍ കോട്ട്‌വാലി മേഖലയിലൂടെയാണ് ഇയാള്‍ കാറോടിച്ചത്.
മറ്റു വാഹനങ്ങള്‍ ഹോണടിച്ചും ബഹളമുണ്ടാക്കിയും കാര്‍ നിര്‍ത്തിക്കുകയായിരുന്നു. തുടര്‍ന്ന് മാഹിറും സമീറും തമ്മില്‍ കയ്യാങ്കളിയോളം നീണ്ട തര്‍ക്കമായി. സമീര്‍ നല്‍കിയ പരാതിയില്‍ പൊലീസ് മാഹിറിനെതിരെ കേസെടുത്തു. മാഹിറിന്‍റെ കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാറിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി.