saif-intruder-home

തലനാരിഴയ്ക്കാണ് ബോളിവുഡ് താരം സെയ്ഫ് അലി ഖാന് അക്രമിയില്‍ നിന്നും ജീവന്‍ തിരിച്ചു കിട്ടിയതെന്ന് ഡോക്ടര്‍മാര്‍ വെളിപ്പെടുത്തുമ്പോള്‍ ബോളിവുഡിനെ നടുക്കിയ ആക്രമണത്തില്‍ കൂടുതല്‍ ചോദ്യങ്ങള്‍ ഉയരുകയാണ്. സിസിടിവി ദൃശ്യങ്ങളില്‍ ഒരാളെ മാത്രമേ കണ്ടെത്താനായുള്ളൂവെങ്കിലും ഒരാള്‍ക്ക് തനിച്ച് എങ്ങനെ സെയ്ഫിന്‍റെ വീടിനുള്ളില്‍ കടക്കാനായി എന്നാണ് പൊലീസ് അന്വേഷിക്കുന്നത്. അക്രമം നടന്നിട്ട് 24 മണിക്കൂര്‍ പിന്നിട്ടിട്ടും സെയ്ഫിനെ കുത്തിപ്പരുക്കേല്‍പ്പിച്ചയാളെ പിടികൂടാന്‍ പൊലീസിന്  കഴിഞ്ഞിട്ടുമില്ല. 20 സംഘങ്ങളായി തിരിഞ്ഞാണ് മുംബൈ പൊലീസിന്‍റെ അന്വേഷണം. 

ബാന്ദ്രയിലെ അപാര്‍ട്മെന്‍റില്‍ ഇന്നലെ പുലര്‍ച്ചെ രണ്ടരയോടെയാണ് അക്രമി കയറിപ്പറ്റിയതും ഒരു കോടി രൂപ ആവശ്യപ്പെട്ട് അക്രമം നടത്തിയതും. അപകടസമയത്ത് സെയ്ഫിന് പുറമെ കരീന, നാലുവയസുകാരനായ ജെ, എട്ടുവയസുകാരനായ തൈമൂര്‍, അഞ്ച് സഹായികളുമാണ് 12–ാം നിലയില്‍ ഉണ്ടായിരുന്നത്. ജെയെ നോക്കുന്ന സഹായിയായ മലയാളി ഏലിയാമ്മ ഫിലിപ്പാണ് അക്രമിയെ ആദ്യം കണ്ടത്. ഇവരോടാണ് അക്രമി ഒരു കോടി രൂപ ആവശ്യപ്പെട്ടത്. 

അതേസമയം, അക്രമി എങ്ങനെ അകത്ത് കടന്നുവെന്നതിലും കുട്ടികളുടെ മുറിയിലെത്തി എന്നതിലും വ്യക്തതയില്ല. വാതിലോ ജനലോ തകര്‍ന്ന നിലയിലല്ലെന്നും പൊലീസ് പറയുന്നു. സെയ്ഫിനെ കുത്തിയ ശേഷം ഫ്ലാറ്റിലെ സ്റ്റെയര്‍കെയ്സ് വഴിയാണ് അക്രമി ഓടി രക്ഷപെട്ടതും. 

സെയ്ഫും കുടുംബവും താമസിക്കുന്ന 12 നിലക്കെട്ടിടത്തിലേക്ക് അക്രമിയെത്തിയപ്പോള്‍ വാച്ച്മാന്‍ കണ്ടില്ലേ? പുറത്ത് നിന്നൊരാള്‍ അകത്തേക്ക് അനുവാദമില്ലാതെ എങ്ങനെ കയറിപ്പോയി? വാച്ച്മാനെയും സിസിടിവികളുടെയും കണ്ണുവെട്ടിച്ചാണോ അക്രമി ഉള്ളിലെത്തിയത് എന്ന ചോദ്യത്തിനും മുംബൈ പൊലീസ് ഉത്തരം തേടുന്നു. 

അക്രമമുണ്ടായി മണിക്കൂറുകള്‍ക്കുള്ളില്‍ സെയ്ഫിന്‍റെ വീട്ടിലെ സഹായികളെയും ജോലിക്കാരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. വീട് മോടിപിടിപ്പിക്കുന്നതിനായി അടുത്ത ദിവസങ്ങളില്‍ പുറത്ത് നിന്നുള്ള ജോലിക്കാരും ഇവിടെ എത്തിയിരുന്നു. ഇത്തരത്തില്‍ വീടിനുള്ളിലേക്ക് കടന്നവരില്‍ ആരെങ്കിലുമാണോ അക്രമം നടത്തിയത് എന്ന സംശയവും ഉദ്യോഗസ്ഥര്‍ ഉയര്‍ത്തുന്നു. മാത്രമല്ല, സ്ഥലം നന്നായി അറിയുന്ന ആളാണോ അക്രമിയെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. അക്രമി സെയ്ഫിന്‍റെ വീട്ടില്‍ നിന്നും ഓടിയിറങ്ങി വരുന്നതിന്‍റെ ദൃശ്യങ്ങള്‍ മാത്രമാണ് സിസിടിവിയില്‍  ഉള്ളത്. അക്രമി അകത്തേക്ക് കയറിപ്പോകുന്നത് പ്രധാന വാതിലിനടുത്ത സിസിടിവിയില്‍ ദൃശ്യമല്ല. മറ്റ് ക്യാമറകളുടെയും കണ്ണ് വെട്ടിച്ചാണ് അക്രമി ഉള്ളിലെത്തിയത്. മുംൈബയിലെ ഏറ്റവും സുരക്ഷിതമായ സ്ഥലത്ത് ഇത്ര വലിയ പിഴവ് എങ്ങനെ സംഭവിച്ചുവെന്ന ചോദ്യം രാഷ്ട്രീയ–സാമൂഹിക രംഗത്തെ പലരും ഉയര്‍ത്തുന്നു.

ENGLISH SUMMARY:

How did the attacker reach the children's room? Several questions remain unanswered, raising concerns about the security breach in one of Mumbai's most secure residential areas.