ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാനെ വീടിനുള്ളില്‍ കുത്തിയ സംഭവത്തില്‍ ചോദ്യം ചെയ്ത് വെറുതെവിട്ടയാളെ വീണ്ടും കസ്റ്റഡിയിലെടുത്ത് മുംബൈ പൊലീസ്. വെള്ളിയാഴ്ച രാവിലെ കസ്റ്റഡിയിലെടുത്ത വ്യക്തിയെ ചോദ്യം ചെയ്യലിന് ശേഷം കേസില്‍ ഇയാള്‍ക്ക് ബന്ധമില്ലെന്ന് കണ്ട് വിട്ടയച്ചിരുന്നു. ഇയാളെ രാത്രി വീണ്ടും ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് വിവരം. മൊഴികളിലെ സംശയത്തെ തുടര്‍ന്നാണ് വീണ്ടും കസ്റ്റഡി.
ക്രൈംബ്രാഞ്ചില്‍ നിന്നുള്ള 10 ടീമും മുംബൈ പൊലീസിന്‍റെ 20 സംഘഗങ്ങളുമാണ് നിലവില്‍ കേസ് അന്വേഷിക്കുന്നത്. പ്രതിയെ അവസാനമായി കണ്ടത് ബാന്ദ്ര സ്റ്റേഷനിലെ സിസിടിവി കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം. പ്രതി ലോക്കല്‍ ട്രെയിനിലോ എക്സ്പ്രസിലോ കയറാനുള്ള സാധ്യതയാണ് മുംബൈ പൊലീസ് പറയുന്നത്. നഗരത്തിന് തൊട്ടടുത്തുള്ള സ്ഥലത്തേക്കാകും പ്രതി സഞ്ചരിച്ചിട്ടുണ്ടാവുക. പ്രതി കയറിയ ട്രെയിന്‍ മനസിലാക്കാന്‍ റെയില്‍വെ സ്റ്റേഷനിലെ സിസിടിവി ക്യാമറകള്‍ പരിശോധിക്കുകയാണ് പൊലീസ്.
ബാന്ദ്ര മേഖലയിലെ സിസിടിവി ദൃശ്യങ്ങള്‍ മുഴുവന്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇതില്‍ നിന്നും പ്രതിയുടെ പുതിയ ദൃശ്യങ്ങള്‍ പുറത്തുവിട്ടു. മഞ്ഞ ഷര്‍ട്ടും ചുമലില്‍ കറുത്ത ബാഗും ധരിച്ചയാളാണ് ദൃശ്യത്തിലുള്ളത്. ദൃശ്യം ആക്രമണത്തിന് മുന്‍പോ ശേഷമോ ഉള്ളതാണോ എന്നതില്‍ വ്യക്തതയില്ല. പ്രതിയെ പൊലീസിന് അവസാനമായി പിന്തുടരാനായത് ബാന്ദ്ര റെയില്‍വെ സ്റ്റേഷനിലാണ്. നീല ഷര്‍ട്ടായിരുന്നു പ്രതി അപ്പോള്‍ ധരിച്ചിരുന്നത്.
അന്വേഷണത്തിന്‍റെ ഭാഗമായി വെള്ളിയാഴ്ച വൈകീട്ട് നടിയും സെയ്ഫ് അലി ഖാന്‍റെ ഭാര്യയുമായ കരീന കപൂറിന്‍റെ മൊഴി രേഖപ്പെടുത്തി. വീട്ടിലെത്തിയാണ് മൊഴി രേഖപ്പെടുത്തിയത്. ഇതുവരെ കേസില്‍ 30 ലധികം പേരുടെ മൊഴിയെടുത്തിട്ടുണ്ട്. അതേസമയം ഗുരുതരമായി പരുക്കേറ്റ സെയ്ഫ് അലി ഖാന്‍റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്. നടൻ അപകടനില പൂര്‍ണമായും തരണം ചെയ്തുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇന്നലെ സെയ്ഫ് അലി ഖാനെ തീവ്രപരിചരണ വിഭാഗത്തിൽനിന്ന് മാറ്റിയിരുന്നു.