മുംബൈയില്‍ ഫ്ലാറ്റില്‍ വച്ച് നടന്‍ സെയ്‌ഫ് അലി ഖാനെ കുത്തിയ കേസില്‍ പ്രതി ഇപ്പോഴും കാണാമറയത്ത്. സിസിടിവി ദൃശ്യത്തിലെ രൂപസാദ്യശ്യം കണ്ട് കസ്റ്റഡിയില്‍ എടുത്തയാളെ ബാന്ദ്ര പൊലീസ് ചോദ്യംചെയ്ത് വിട്ടയച്ചു. 35 സംഘങ്ങളായി തിരിഞ്ഞാണ് പൊലീസിന്‍റെ തിരച്ചില്‍.
സി.സി.ടി.വിയില്‍ പതിഞ്ഞ പ്രതിയുടെ രൂപസാദൃശ്യം ഉണ്ടെന്ന് കരുതി ഒരാളെ കസ്റ്റഡിയില്‍ എടുക്കുക. പിന്നീട് മണിക്കൂറുകള്‍ ചോദ്യം ചെയ്ത് പ്രതിയല്ലെന്ന് പറഞ്ഞ് അയാളെ വിട്ടയ്ക്കുക. നടന്‍ സെയ്‌ഫ് അലി ഖാന്‍റെ കേസില്‍ യാഥാര്‍ഥ പ്രതിയിലേക്ക് എത്താന്‍ ബാന്ദ്ര പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. നടന്‍റെ വീട്ടില്‍ മരപ്പണിക്കാരനായി ജോലി ചെയ്തിരുന്ന കരാറുകാരന്‍ അടക്കം ഏതാനും പേരെ ചോദ്യംചെയ്ത് വരികയാണ്. പ്രതിക്ക് പുറത്ത് നിന്ന് സഹായം കിട്ടിയോ എന്നും മോഷണം മാത്രമായിരുന്നോ ലക്ഷ്യമെന്നും പരിശോധിക്കുന്നുണ്ട്.
അതിനിടെ, നടന്‍റെ ഫ്ലാറ്റില്‍ നിന്നും പ്രതിയുടെ മറ്റൊരു സി.സി.ടി.വി ദൃശ്യം കൂടി ലഭിച്ചു. മുഖം മറച്ച് ഫയര്‍ എക്സിറ്റ് ഗോവണി വഴി പതിനൊന്നാം നിലയിലേക്ക് കയറിപ്പോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. നടന്‍റെ ഫ്ലാറ്റില്‍ സി.സി.ടി.വി ഇല്ലാതിരുന്നതും സമീപത്തെ റോഡുകളിലെ സി.സി.ടി.വികളില്‍ നിന്ന് വ്യക്തമായ ചിത്രങ്ങള്‍ ലഭിക്കാതിരുന്നതും അന്വേഷണത്തില്‍ തിരിച്ചടിയാണ്. അതേസമയം, തൊട്ടടുത്തുള്ള ഷാറൂഖ് ഖാന്‍റെ വസതിയും ഈ പ്രതി നിരീക്ഷിച്ചിരുന്നു എന്ന റിപ്പോര്‍ട്ടുകള്‍ പൊലീസ് തള്ളി. 35 സംഘങ്ങളായി തിരിഞ്ഞ് വ്യാപകമായ തിരച്ചിലാണ് ബാന്ദ്ര പൊലീസും ക്രൈം ബ്രാഞ്ചും നടത്തുന്നത്.
സെയ്ഫ് അലി ഖാനെ വ്യാഴാഴ്ച പുലർച്ചെ 2.30 ഓടെയാണ് മുംബൈയിലെ ബാന്ദ്രയിലെ ഹൈറൈസ് അപ്പാർട്ട്‌മെന്‍റില്‍ അതിക്രമിച്ച് കയറിയാള്‍ മാരകമായി കുത്തി പരുക്കേൽപ്പിച്ചത്. നട്ടെല്ലിൽ കുത്തിയ കത്തിയുടെ ഒരു ഭാഗം കുടുങ്ങിയ നിലയിലാണ് സെയ്ഫിനെ ആശുപത്രിയില്‍ എത്തിച്ചത്. ശരീരത്തില്‍ ആറിടത്ത് കുത്തേറ്റ് മുംബൈ ലീലാവതി ആശുപത്രിയില്‍ കഴിയുന്ന സെയ്ഫ് അലിഖാന്‍റെ ആരോഗ്യനില മെച്ചപ്പെട്ടു. അടുത്തദിവസം ഐസിയുവില്‍ നിന്ന് റൂമിലേക്ക് മാറ്റാന്‍ കഴിയുമെന്ന് ഡോക്ടര്‍ അറിയിച്ചു.
പ്രതിയെ പിടികൂടാനാവാത്തത് രാഷ്ട്രീയ വിവാദങ്ങൾക്കു വഴിവയ്ക്കുന്നുണ്ട്. മുംബൈയിലെ ഏറ്റവും സുരക്ഷിതമായ പാർപ്പിട മേഖലകളിലൊന്നിലെ സുരക്ഷ പ്രശ്നം വലിയ ആശങ്കയും സൃഷ്ടിക്കുന്നുണ്ട്. മഹാരാഷ്ട്ര സര്‍ക്കാരിനെതിരെ രാഷ്ട്രീയ ആരോപണമായി സെയ്ഫിനെതിരായ ആക്രമണത്തെ പ്രതിപക്ഷം ഉയർത്തിക്കാട്ടുന്നുണ്ട്.