കുംഭമേള നടക്കുന്ന യു.പി പ്രയാഗ് രാജിലെ സെക്ടർ 19-ൽ വൻ തീപിടിത്തം. ആളപായമില്ല. സംഭവസ്ഥലം സന്ദർശിച്ച യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണിൽ സംസാരിച്ചു. ഇത്തരമൊരു അപകടം ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാക്കൾ ആവശ്യപ്പെട്ടു.
ലക്ഷക്കണക്കിന് പേർ അനുദിനം വന്നു പോകുന്ന കുംഭമേളയ്ക്കിടെയാണ് തീപിടുത്തം ഉണ്ടായത്. വൈകിട്ട് 4:30 നാണ് സംഭവം. സെക്ടർ 19- ലെ ശാസ്ത്രി പാലത്തിനും റെയിൽവേ പാലത്തിനും ഇടയിലെ ടെൻഡുകൾക്കാണ് തീപിടിച്ചത്. 25 ടെന്റുകൾ പൂർണമായും കത്തി നശിച്ചു. ടെൻ്റുകളിലെ ഗ്യാസ് സിലിണ്ടറുകൾ ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിച്ചതായും ദൃക്സാക്ഷികൾ പറഞ്ഞു. എന്‍ഡിആര്‍എഫും അഗ്നിശമന സേനയും പൊലീസും സംയുക്തമായി തീ അണച്ചു.
പാചകത്തിനിടെ ഗ്യാസ് സിലിണ്ടർ പൊട്ടിതെറിച്ചതാകാമെന്നാണ് പ്രാഥമിക വിലയിരുത്തൽ. പ്രദേശത്തുനിന്ന് ജനങ്ങളെ ഒഴിപ്പിച്ചു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംഭവസ്ഥലത്ത് എത്തി സ്ഥിതി വിലയിരുത്തി. പ്രധാനമന്ത്രി നരേന്ദ്രമോദി യോഗി ആദിത്യനാഥുമായി ഫോണിൽ സംസാരിച്ചു. വാർത്ത ഞെട്ടിച്ചു എന്നും ഇത്തരം ഒരു സാഹചര്യം ആവർത്തിക്കാതിരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും എസ് പി നേതാവ് അഖിലേഷ് യാദവടക്കമുള്ളവർ ആവശ്യപ്പെട്ടു.