കോഴിക്കോട് പുതുപ്പാടിയില്‍ അമ്മയെ വെട്ടിക്കൊന്ന മകന്‍ റിമാന്‍ഡില്‍. മെഡിക്കല്‍ കോളജിലെത്തിച്ച് പ്രതിയുടെ ഫൊറന്‍സിക് സാംപിളുകള്‍ ശേഖരിച്ചു. ജനിപ്പിച്ചതിനുള്ള ശിക്ഷ താന്‍ നടപ്പാക്കിയെന്നാണ് കൊലപാതകത്തിന് ശേഷമുള്ള പ്രതിയുടെ ആദ്യമൊഴി. പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയാക്കിയ ശേഷം സുബൈദയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
താമരശേരി താലൂക്ക് ആശുപത്രിയിലെ വൈദ്യപരിശോധനയ്ക്ക് ശേഷമാണ് പ്രതി ആഷിഖിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്. ഫൊറന്‍സിക് പരിശോധനയ്ക്ക് വേണ്ടിയുള്ള സാംപിളുകള്‍ പ്രതിയില്‍ നിന്ന് ശേഖരിച്ച ശേഷം നേരെ കുന്ദമംഗലത്തെ മജിസ്ട്രേറ്റിന്‍റെ വസതിയിലെത്തിച്ച് റിമാന്‍ഡ് ചെയ്തു. തെളിവെടുപ്പിനായി നാളെ കസ്റ്റഡി അപേക്ഷ നല്‍കും. അതിനിടെ പ്രതിയുടെ ആദ്യമൊഴി പുറത്ത് വന്നു. ജനിപ്പിച്ചതിനുള്ള ശിക്ഷ താന്‍ നടപ്പാക്കിയെന്ന് പ്രതി അയല്‍വാസികളോട് പറഞ്ഞു. ഇതേമൊഴി പൊലിസിനോടും പ്രതി ആവര്‍ത്തിച്ചു. ലഹരിക്കടിമയായതിന് ശേഷം മുമ്പ് രണ്ട് തവണ ആഷിഖ് അമ്മയെ കൊല്ലാന്‍ ശ്രമം നടത്തിയിരുന്നു.
ഇന്നലെയാണ് 53 കാരിയായ സുബൈദയെ ലഹരിക്കടിമയായ മകന്‍ ആഷിഖ് വെട്ടിക്കൊന്നത്. കൊലപാതകത്തിന് ശേഷം ഓടിരക്ഷപ്പെട്ട ആഷിഖിനെ നാട്ടുകാർ പിടി കൂടി പൊലീസിന് കൈമാറുകയായിരുന്നു. ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയയ്ക്ക് ശേഷം സഹോദരിയുടെ വീട്ടിലായിരുന്നു സുബൈദ. ഏറെ നാളായി ബംഗളൂരുവിലെ ലഹരി വിമുക്ത കേന്ദ്രത്തിൽ ചികിത്സയിലായിരുന്നു ആഷിഖ്.