മുംബൈയില്‍ നടന്‍ സെയ്ഫ് അലി ഖാനെ ആക്രമിച്ച പ്രതി പിടിയിലെന്ന് മുംബൈ പൊലീസ്. ഹോട്ടല്‍ ജീവനക്കാരനായ വിജയ് ദാസിനെ താനെയിലെ ലേബര്‍ ക്യാംപില്‍ നിന്നാണ് പിടികൂടിയത്. വിഷയവുമായി ബന്ധപ്പെട്ട് ഒന്‍പത് മണിക്ക് മുംബൈ പൊലീസ് വാര്‍ത്താസമ്മേളനം വിളിച്ചു. അക്രമം നടന്ന് നാലാം ദിവസമാണ് പ്രതിയെ പിടികൂടിയത്.
പ്രതി വിജയ്ദാസ് കുറ്റം സമ്മതിച്ചു. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്ത് വരികയാണ്. ഉടന്‍ കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങാനാണ് പൊലീസ് നീക്കം. പ്രതിയെ ബാന്ദ്രയിലെ ഫ്ലാറ്റിലെത്തിച്ച് തെളിവെടുക്കും. മോഷണമാണോ പ്രതിയുടെ ലക്ഷ്യം എന്നാണ് ഇനി അറിയാനുള്ളത്. മകനെ അപായപ്പെടുത്താനോ മറ്റോ ഗൂഡാലോചനയുണ്ടോ എന്നും ഫ്ലാറ്റിനുള്ളില്‍ നിന്നും ജീവനക്കാരുടെ സഹായമോ മറ്റോ പ്രതിക്ക് ലഭിച്ചോ എന്നും കണ്ടെത്താനുണ്ട്. നേരത്തെ പ്രതികളെന്ന് സംശയിക്കുന്ന രണ്ട് പേരെ മധ്യപ്രദേശില്‍ നിന്നും ചത്തീസ്‌ഗഡില്‍ നിന്നും പിടികൂടിയെന്ന വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.പിന്നീടത് പൊലാസ് തള്ളുകയായിരുന്നു. അതിന് ശേഷമാണ് അര്‍ധരാത്രിയോടെ യഥാര്‍ഥ പ്രതിയെ പിടികൂടിയെന്ന വാര്‍ത്ത പുറത്ത് വന്നത്. 35 സംഘങ്ങളായി തിരിഞ്ഞായിരുന്നു അന്വേഷണം. ഇതര സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ചിരുന്നു. അതിനിടെ ഫ്ലാറ്റില്‍ സംഭവിച്ച കാര്യങ്ങളെ കുറിച്ച് നടന്‍റെ ഭാര്യ കരീന കപൂര്‍ നല്‍കിയ മൊഴി പുറത്തുവന്നിരുന്നു. മകനെ ആക്രമിക്കാനാണ് അതിക്രമിച്ച് കടന്നയാള്‍ ശ്രമിച്ചത്. കുട്ടിയെയും ഇവരുടെ ആയയെയും പന്ത്രണ്ടാം നിലയിലേക്ക് മാറ്റി സെയ്ഫ് അലി ഖാന്‍ ഒറ്റയ്ക്ക് അക്രമിയെ നേരിട്ടു. അക്രമി ഫ്ലാറ്റില്‍ മോഷണമൊന്നും നടത്തിയിട്ടില്ലെന്നും മൊഴിയില്‍ പറയുന്നു. നടനെ രാത്രിയില്‍ ആശുപത്രിയില്‍ എത്തിച്ച ഓട്ടോറിക്ഷാ ഡ്രൈവര്‍ ഭജന്‍ സിങ് റാണയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ഓട്ടോയില്‍ കയറിയപ്പോള്‍ നടനാണെന്ന് തിരിച്ചറിഞ്ഞില്ലെന്നും നടനെ രക്ഷിച്ചതില്‍ അഭിമാനമുണ്ടെന്നും ഭജന്‍ സിങ് പ്രതികരിച്ചു.