തന്നെ സിപിഎമ്മുകാര്‍ തട്ടിക്കൊണ്ടുപോയെന്ന് കൂത്താട്ടുകുളം നഗരസഭ കൗൺസിലർ കലാ രാജു. കഴുത്തില്‍ കുത്തിപ്പിടിച്ചാണ് തന്നെ തട്ടിക്കൊണ്ടുപോയത്. സിപിഎം ഏരിയാ കമ്മിറ്റി ഓഫിസിലേയ്ക്കാണ് കൊണ്ടുപോയത്. ഡിവൈഎഫ്ഐ നേതാവിന്‍റെ നേതൃത്വത്തിലായിരുന്നു എല്ലാം. ഞാന്‍ ഹൃദ്രോഗിയാണ്; നെഞ്ചുവേദനയുണ്ടെന്ന് പറഞ്ഞിട്ടും ആശുപത്രിയില്‍ കൊണ്ടുപോയില്ല.
ഏരിയാ സെക്രട്ടറിയോട് ചോദിച്ചശേഷം തീരുമാനിക്കാമെന്ന് പറഞ്ഞു. പൊലീസിന്‍റെ മുന്നില്‍വച്ചാണ് തട്ടിക്കൊണ്ടുപോയത്. പൊലീസ് തടഞ്ഞില്ലെന്നും കല മാധ്യമങ്ങളോടു പറഞ്ഞു.
നാടകീയ രംഗങ്ങൾ
അവിശ്വാസപ്രമേയം ചർച്ചയ്ക്ക് എടുക്കാനിരിക്കെ എറണാകുളം കൂത്താട്ടുകുളം നഗരസഭ നാടകീയ രംഗങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. യുഡിഎഫിന് പിന്തുണ അറിയിച്ച സിപിഎം കൗൺസിലർ കലാ രാജുവിനെ തട്ടിക്കൊണ്ടുപോയി. കൗൺസിലറെ സിപിഎം ഏരിയ കമ്മിറ്റി ഓഫീസിൽ നിന്ന് കണ്ടെത്തി. ശാരീരിക അവശതകളെ തുടർന്ന് കൗൺസിലർ കലാ രാജുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ഏരിയ സെക്രട്ടറി ഉൾപ്പെടെയുള്ള സിപിഎം പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു.
Read Also: തട്ടിക്കൊണ്ടുപോകപ്പെട്ട നഗരസഭാ കൗൺസിലര്‍ സി.പി.എം ഏരിയാകമ്മിറ്റി ഓഫിസില്‍
നഗരസഭാ ചെയർപേഴ്സൺ, വൈസ് ചെയർമാൻ എന്നിവർക്കെതിരേ യുഡിഎഫ് നൽകിയ അവിശ്വാസപ്രമേയത്തിന്മേലുള്ള ചർച്ചയാണ് ഇന്ന് നടക്കേണ്ടിയിരുന്നത്. എൽഡിഎഫ് കൗൺസിലർ കലാ രാജുവും ആവിശ്വാസത്തിന് യുഡിഎഫിന് പിന്തുണ നൽകുമെന്ന് അറിയിച്ചിരുന്നു. കൗൺസിൽ യോഗത്തിനായി നഗരസഭയ്ക്ക് മുൻപിൽ വന്നിറങ്ങിയ കലാ രാജുവിനെ സിപിഐഎം പ്രവർത്തകർ കടത്തിക്കൊണ്ട് പോയെന്നായിരുന്നു പരാതി. പിന്നാലെ വൻ പ്രതിഷേധത്തിനും സംഘർഷത്തിനുമാണ് നഗരസഭ വേദിയായത്.
പൊലീസ് നോക്കി നിൽക്കെയുണ്ടായ സംഭവങ്ങളിൽ പ്രതിഷേധിച്ച് പ്രവർത്തകർ കൂത്താട്ടുകുളം പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. അഞ്ചു മണിക്കൂറുകൾക്കു ശേഷമാണ് കലാ രാജുവിനെ സിപിഎം ഏരിയ കമ്മിറ്റി ഓഫീസിൽ നിന്ന് കണ്ടെത്തിയത്. ഭരണം നിലനിർത്താൻ സിപിഎം നടത്തിയ അതിക്രൂരമായ പ്രവർത്തിയാണെന്നും സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു.
കുടുംബം നൽകിയ പരാതിയിൽ സിപിഐഎം ഏരിയ സെക്രട്ടറി, നഗരസഭാ ചെയർപേഴ്സൺ, വൈസ് ചെയർമാൻ, സിപിഐഎം ലോക്കൽ സെക്രട്ടറി, കൗൺസിലർ എന്നിവർക്കെതിരെയും കണ്ടാലറിയാവുന്ന 45 പേർക്കെതിരെയും കൂത്താട്ടുകുളം പൊലീസ് കേസെടുത്തു. അതേസമയം, തട്ടിക്കൊണ്ടുപോയില്ലെന്നു സി.പി.എം നേതൃത്വം പ്രതികരിച്ചു. അവിശ്വാസപ്രമേയത്തില്‍നിന്ന് കൗണ്‍സിലര്‍മാര്‍ വിട്ടുനിന്നത് മുന്‍തീരുമാനപ്രകാരമാണ്. സമയം കഴിഞ്ഞപ്പോള്‍ കൗണ്‍സിലര്‍മാര്‍ ഓഫിസില്‍നിന്ന് പോയതാണ്. കലാരാജുവും ഇതേപോലെ മടങ്ങിയതാണെന്ന് വൈസ് ചെയര്‍മാന്‍ സണ്ണി കുര്യാക്കോസ് വിശദീകരിച്ചു.