ജമ്മു കശ്മീരിലെ രജൗരിയില്‍ അജ്ഞാത രോഗം ബാധിച്ച് 16 മരണം. ഒരാൾ ചികിത്സയിലാണ്. മരിച്ചവരുടെ ശരീരത്തിൽ വിഷ പദാർത്ഥമായ ന്യൂറോടോക്സിൻ കണ്ടെത്തി. ദുരൂഹമരണങ്ങളില്‍ അന്വേഷണം പ്രഖ്യാപിച്ച ആഭ്യന്തരമന്ത്രാലയം മേഖലയിൽ കരസേനയെ വിന്യസിച്ചു.
ഇന്ത്യ പാക് അതിർത്തി ജില്ലയായ രജൗരിയിലെ ബാദൽ ഗ്രാമത്തിൽ ഒരു മാസത്തിനിടെയാണ് 16 പേർ മരിച്ചത്. പനി, തല ചുറ്റൽ, ബോധക്ഷയം എന്നിവയാണ് തുടക്കത്തിൽ കാണപ്പെടുന്ന ലക്ഷണം. തുടർന്ന് മസ്തിഷ്ക വീക്കവും ഉണ്ടാകുന്നു. ഡിസംബറിൽ ഒരു കുടുംബത്തിലെ ഏഴു പേർ അസുഖബാധിതരാവുകയും അഞ്ചുപേർ മരിക്കുകയും ചെയ്തതോടെയാണ് രോഗബാധ അധികൃതരുടെ ശ്രദ്ധയിൽ പെട്ടത്. പിന്നീട് ഒന്നര കിലോമീറ്ററിനകത്ത് വരുന്ന മൂന്നു കുടുംബങ്ങളിൽ രോഗം പ്രകടമായി.
രോഗബാധിതരിൽ നടത്തിയ പരിശോധനയിൽ ന്യൂറോടോക്സിൻ സാന്നിധ്യം കണ്ടെത്തി. നാഡീ വ്യവസ്ഥയെ തകർക്കുന്ന വിഷപദാർത്ഥമാണിത്. രോഗബാധയെ ഗൗരവത്തോടെയാണ് കേന്ദ്ര സർക്കാർ കാണുന്നത്. ആഭ്യന്തരം, ആരോഗ്യം, കുടുംബക്ഷേമം, കൃഷി, രാസവളം, ജലം, എന്നീ മന്ത്രാലയങ്ങളിലെയും ഫൊറന്‍സിക്കിലെയും പ്രതിനിധികള ഉൾപ്പെടുത്തിയാണ് ആഭ്യന്തരമന്ത്രാലയം മന്ത്രി തല അന്വേഷണസമിതി രൂപീകരിച്ചിട്ടുള്ളത്. മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും ഉന്നതല യോഗം വിളിച്ച് സ്ഥിതി വിലയിരുത്തി. രജൗരി പോലീസിന്റെ അന്വേഷണവും തുടരുകയാണ്.