TOPICS COVERED

കൂത്താട്ടുകുളത്ത് വനിതാ കൗൺസിലറെ തട്ടിക്കൊണ്ടുപോയതില്‍ പോര്‍മുഖം തുറന്ന് കോണ്‍ഗ്രസും സി.പി.എമ്മും. കലാ രാജുവിന്റെ ഗുരുതര ആരോപണങ്ങളെ, ഏരിയ കമ്മിറ്റി ഓഫീസിനുള്ളിലെ ദൃശ്യങ്ങൾ പുറത്തുവിട്ട് പ്രതിരോധിക്കുകയാണ് സി.പി.എം. സിപിഎമ്മിനെതിരെ കേസെടുത്തതിന് പുറമേ, പോലീസ് സ്റ്റേഷൻ ഉപരോധത്തിന് യുഡിഎഫിനെതിരെയും പോലീസ് കേസെടുത്തു. 

Read Also: സിപിഎം നേതാക്കള്‍ വസ്ത്രം വലിച്ചൂരി, വലിച്ചിഴച്ച് വണ്ടിയില്‍ കയറ്റി; ഗുരുതര ആരോപണവുമായി കല

നേതാക്കളുടെ പേര് എടുത്തുപറഞ്ഞായിരുന്നു കലാ രാജുവിന്റെ ഇന്നത്തെ പ്രതികരണം. വാഹനത്തിൽ കയറ്റവേ, സാരി പിടിച്ചു വലിച്ചു എന്നും ഒരു പോലീസുകാരനാണ് ഡോറിന്റെ വാതിൽ അടച്ചെന്നും അടക്കമുള്ള ഗുരുതരാരോപണങ്ങൾ. ഓഫീസിനുള്ളിൽ അനുഭവിക്കേണ്ടിവന്ന ദുരിതങ്ങളും അക്കമിട്ടുപറഞ്ഞു. ഈ ആരോപണങ്ങളെ തകർക്കാനായി സിപിഎമ്മിന്റെ ശ്രമം. സംഘർഷം ഉണ്ടാവാൻ കാരണം യുഡിഎഫ് ആണെന്നും സൗഹാർദപരമായ അന്തരീക്ഷത്തിലാണ് കലാ രാജു ഓഫീസിൽ ചെലവഴിച്ചതെന്നും ഏരിയ സെക്രട്ടറി പി ബി രതീഷ് മനോരമ ന്യൂസ്നോട് പറഞ്ഞു.

നിലവിൽ കൊച്ചി കടവന്ത്രയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് കലാരാജു. മക്കളുടെ പരാതിയിൽ എടുത്ത കേസിൽ കൗൺസിലറുടെ രഹസ്യ മൊഴിയെടുക്കും. പി ബി രതീഷ് ഉൾപ്പെടെ 45 പേർക്ക് എതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. പൊലീസിനെതിരെ ഗുരുതരമായ ആരോപണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ, അഡീഷണൽ എസ്പിയോട് അന്വേഷിച്ച റിപ്പോർട്ട് നൽകാൻ എറണാകുളം റൂറൽ എസ്പി വൈഭവ് സക്സേന ഉത്തരവിട്ടു. ഇന്നലെ പോലീസ് സ്റ്റേഷൻ യുഡിഎഫ് ഉപരോധിച്ചതിലും കേസെടുത്തിട്ടുണ്ട്. അനൂപ് ജേക്കബ് എംഎൽഎ ഉൾപ്പെടെ 50ലധികം യുഡിഎഫ് പ്രവർത്തകർക്കെതിരെയാണ് കേസ്. മക്കളുടെ പരാതിക്ക് പുറമെ സിപിഎം കൗൺസർമാർക്കെതിരെ നേരിട്ട് പരാതി നൽകാൻ ഒരുങ്ങുകയാണ് കലാരാജു.  

കൂത്താട്ടുകുളത്ത് നടപ്പായത് സി.പി.എമ്മും പൊലീസും ചേര്‍ന്നുള്ള പദ്ധതിയെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.  കല രാജുവിനെ രാഷ്ട്രീയമായും നിമ‌യമപരമായും പിന്തുണക്കുമെന്നും ഡി.സി.സി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസ് പറഞ്ഞു. എന്നാല്‍ തട്ടിക്കൊണ്ടുപോയത് കോണ്‍ഗ്രസെന്നും നാല് ദിവസമായി കല   എവിടെ ആയിരുന്നുവെന്ന് അന്വേഷിക്കണമെന്നും സിപിഎം ജില്ലാ സെക്രട്ടറി സി.എന്‍ മോഹനന്‍ തിരിച്ചടിച്ചു. 

ENGLISH SUMMARY:

'They grabbed my neck:' Woman councillor accuses CPM workers of abduction in Koothattukulam