ഗോമൂത്ര പരാമര്‍ശത്തെ ന്യായീകരിച്ച് മദ്രാസ് ഐ.ഐ.ടി ഡയറക്‌ടര്‍ വി.കാമകോടി. 'ഗോമൂത്രത്തിന് ഔഷധഗുണമുണ്ടെന്നും ശാസ്‌ത്രീയ സംവാദത്തിന് തയാറെന്നും അദ്ദേഹം പറഞ്ഞു. ഗവേഷണങ്ങളില്‍ ഈക്കാര്യം തെളിഞ്ഞതാണ്. തെളിവ് ഹാജരാക്കമെന്നും വി.കാമകോടി പറഞ്ഞു. മാട്ടുപ്പൊങ്കലിനോടനുബന്ധിച്ച് ചെന്നൈയിൽ നടത്തിയ ഗോപൂജ ചടങ്ങിൽ പങ്കെടുക്കുമ്പോഴാണ് ഗോമൂത്രത്തിന്റെ ഔഷധമൂല്യത്തെക്കുറിച്ച് കാമകോടി പറഞ്ഞത്. പണ്ട് ഗോമൂത്രം കുടിച്ച് തന്റെ അച്ഛന്റെ പനി അതിവേഗം മാറിയെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു. ഈ പ്രസംഗത്തിന്റെ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പരാമര്‍ശത്തെ ന്യായീകരിച്ച് കാമകോടി വിണ്ടുമെത്തിയത്.
രാജ്യത്തെ ഏറ്റവും ഉന്നതമായ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ചുമതല വഹിക്കുന്നയാൾ ഇങ്ങനെയൊരു പ്രസ്താവന നടത്തിയതിൽ ലജ്ജിക്കുന്നുവെന്ന് തമിഴ്‌നാട് വനം വകുപ്പ് മന്ത്രി കെ. പൊൻമുടി പറഞ്ഞു. കപടശാസ്ത്രം പ്രചരിപ്പിക്കുന്നത് ഐ.ഐ.ടി. ഡയറക്ടർക്ക് യോജിച്ചതല്ലെന്ന് കോൺഗ്രസ് എം.പി. കാർത്തി ചിദംബരം പ്രതികരിച്ചു.
ഇത്രവലിയ വിഡ്ഢിത്തരം പറഞ്ഞ കാമകോടിയെ പദവിയിൽനിന്ന് നീക്കണമെന്ന് ഡി.എം.കെ. വക്താവ് ഇളങ്കോവൻ ആവശ്യപ്പെട്ടു. കാമകോടിയെ ഐ.ഐ.ടി.യിൽനിന്ന് മാറ്റി മെഡിക്കൽ കോളേജിൽ നിയമിക്കണം. എയിംസ് ഡയറക്ടർ സ്ഥാനംതന്നെ നൽകണമെന്നും ഇളങ്കോവൻ പരിഹസിച്ചു. ഇന്ത്യയിലെ പരമ്പരാഗത ഔഷധമാണ് ഗോമൂത്രമെന്നും ഇതടങ്ങിയ പലമരുന്നുകളും കടകളിൽ ലഭ്യമാണെന്നും ബി.ജെ.പി. സംസ്ഥാന ഉപാധ്യക്ഷൻ നാരായണൻ തിരുപ്പതി പറഞ്ഞു.