ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസിൽ ഇരട്ടജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ട രണ്ടാംപ്രതി അനുശാന്തിക്ക് വിചാരണക്കോടതിയായ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻ കോടതി ജാമ്യം അനുവദിച്ചു . രണ്ടു ലക്ഷം രൂപയുടെ ജാമ്യത്തിലും കൊലപാതകം നടന്ന ആലംകോട് വില്ലേജിൽ പ്രവേശിക്കരുത് എന്നുള്ള ഉപാധിയിലാണ് ജാമ്യം. ശിക്ഷാവിധി റദ്ദാക്കണമെന്ന ഹർജി തീർപ്പാക്കുന്നതുവരെ കണ്ണിനു കാഴ്ചക്കുറവെന്നതു കണക്കിലെടുത്താണ് സുപ്രീംകോടതി നേരത്തെ ജാമ്യം അനുവദിച്ചത്. ജാമ്യത്തിനുള്ള ഉപാധികൾ വിചാരണ കോടതി തീരുമാനിക്കുമെന്നായിരുന്നു സുപ്രീംകോടതി വ്യക്തമാക്കിയിരുന്നത്.
2014-ലായിരുന്നു കേരളത്തെ ഞെട്ടിച്ച ആറ്റിങ്ങൽ ഇരട്ടക്കൊലപാതകം നടന്നത്. അനുശാന്തിയുടെ ഭർതൃമാതാവ് ഓമന, നാലുവയസ്സുള്ള മകൾ സ്വാസ്തിക എന്നിവരാണ് കൊല്ലപ്പെട്ടത്. അനുശാന്തിയുടെ കാമുകനും സഹപ്രവർത്തകനുമായ നിനോ മാത്യുവാണ് വീട്ടിൽ അതിക്രമിച്ചുകയറി ഇരുവരെയും കൊലപ്പെടുത്തിയത്. ഇതിന് ഒത്താശചെയ്തതും കൊലപാതകം ആസൂത്രണംചെയ്തതിലും അനുശാന്തിക്കും പങ്കുണ്ടായിരുന്നു.