തന്നെ ഇടിച്ച കാറിനോട് പ്രതികാരം തീര്‍ത്ത് നായ. ഉച്ചയ്ക്കുണ്ടായ അപകടത്തിന് രാത്രി വരെ കാത്തിരുന്നാണ് നായ പ്രതികാരം വീട്ടിയത്. ഇതിന്‍റെ വിഡിയോയും പുറത്തുവന്നു. മധ്യപ്രദേശിലെ സാഗറിലാണ് സംഭവം. 

തിരുപ്പതിപുരം കോളനിയിലെ താമസക്കാരനായ പ്രഹ്ളാദ് സിങ് ഗോഷി എന്നയാളും കുടുംബവും ഉച്ചതിരിച്ച് രണ്ടുമണിയോടെ ഒരു വിവാഹത്തില്‍ പങ്കെടുക്കാനായി വീട്ടില്‍നിന്നിറങ്ങി. 500 മീറ്റര്‍ ദൂരം പിന്നിട്ടപ്പോള്‍ ഒരു നായ വാഹനത്തിന് കുറുകെ ചാടി. കാര്‍ വെട്ടിച്ചപ്പോള്‍ നായയെ ഇടിക്കുകയായിരുന്നു. നായയ്ക്ക് പരുക്കേറ്റില്ലെന്ന് ഉറപ്പാക്കിയ ശേഷം ഇവര്‍ മുന്നോട്ട് നീങ്ങി. അതിനിടെ കുറച്ചുദൂരം നായ കാറിനു പിന്നാലെ ഓടിവന്നു.

മണിക്കൂറുകള്‍ക്കു ശേഷം പുലര്‍ച്ചെ ഒരു മണിയോടടുത്ത് ഇവര്‍ തിരിച്ച് വീട്ടിലെത്തി. പ്രഹ്ളാദ് കാറില്‍ നിന്നിറങ്ങിയ തൊട്ടുപിന്നാലെ അതേ നായ വീണ്ടുമെത്തി. കാര്‍ മാന്തിപ്പൊളിക്കാന്‍ തുടങ്ങി. ഇത് കണ്ടുകൊണ്ടു വന്ന മറ്റൊരു നായയും ഇതിനൊപ്പം കൂടി. പിറ്റേദിവസമാണ് ഇത് പ്രഹ്ളാദ് കാണുന്നത്. ആദ്യം അയല്‍വീട്ടിലെ കുട്ടികള്‍ കളിക്കുന്നതിനിടെ ചെയ്തതാകാം എന്നാണ് സംശയിച്ചത്. സിസിടിവി പരിശോധിച്ചപ്പോഴാണ് കാര്യം മനസ്സിലായത്. നായയെ കണ്ടതെ ഇത് കാറിനു മുന്നില്‍ വട്ടംചാടിയതാണെന്ന് പ്രഹ്ളാദിന് മനസ്സിലാകുകയും ചെയ്തു. കാര്‍ നന്നാക്കാന്‍ നല്ലൊരു തുക ചെലവാക്കേണ്ടി വന്നു, പക്ഷേ ഭാഗ്യത്തിന് നായ വീട്ടിലെ ആരെയും ഉപദ്രവിച്ചില്ലല്ലോ എന്ന ആശ്വാസത്തിലാണ് പ്രഹ്ളാദും കുടുംബവും.

ENGLISH SUMMARY:

A dog in Madhya Pradesh's Sagar left scratches on a car after being hit by the vehicle. The unlikely revenge was captured on CCTV and has drawn attention to the animal's surprising behaviour.Prahlad Singh Ghoshi, a resident of the Tirupati Puram Colony in Sagar, was driving with his family to a wedding around 2 pm when his car accidentally hit a dog sitting approximately 500 meters from his house. The dog, which appeared uninjured, barked and chased the vehicle for a short distance before disappearing.Hours later, at around 1 am, Ghoshi returned home and parked the car outside his house. The dog approached the vehicle shortly after he left. CCTV footage showed the animal scratching the car's surface repeatedly with its paws, causing damage.