നഴ്സറിയില്‍ വധൂവരന്‍മാരായി വേഷമിട്ടവര്‍ 20 വര്‍ഷങ്ങള്‍ക്ക് ശേഷം യഥാര്‍ഥ ജീവിതത്തില്‍ വിവാഹിതരായി. ചൈനയിലെ ഗ്വാങ്‌ഡോങ്ങില്‍ നിന്നുള്ള ദമ്പതികളാണ് ഇപ്പോള്‍ ചൈനയിലെ സമൂഹമാധ്യമങ്ങളിലെ വൈറല്‍ താരങ്ങള്‍.സോഷ്യല്‍ മീഡിയ ഏറ്റെടുത്തതോടെ ചൈനീസ് മാധ്യമങ്ങളിലും ഇത് വലിയ വാര്‍ത്തയായി.  

ഗ്വാങ്‌ഡോങ് പ്രവിശ്യയില്‍നിന്നുള്ള യുവാവും യുവതിയും ജനുവരി ഏഴിനാണ് വിവാഹിതരായത്. നഴ്‌സറിയില്‍ ഒരുമിച്ച് പഠിച്ചവരായിരുന്നു ഇരുവരും.അക്കാലത്ത് നഴ്സറിയില്‍ വെച്ച് നടന്ന കലാപരിപാടിയില്‍ ഇരുവരും വധൂവരന്‍മായി വേഷമിട്ടിരുന്നു. രണ്ടുപതിറ്റാണ്ടിനിപ്പുറം വിവാഹിതരായപ്പോള്‍ അവര്‍ അന്നത്തെ ആ വിഡിയോയും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു. അതോടെ വിവാഹം സൈബറിടത്ത് ഹിറ്റാവുകയായിരുന്നു.

നഴ്സറി പഠനത്തിന് ശേഷം ഇരുവരും രണ്ടു വഴിക്ക് പിരിഞ്ഞു. പിന്നീട് വെവ്വേറ സ്കൂളുകളിലായിരുന്നു പഠനം.2022 വരെ ഇരുവരും തമ്മില്‍ യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല. 2022-ല്‍ നഴ്‌സറിയിലെ പഴയ വിഡിയോ സഹപാഠികള്‍ക്കിടയില്‍ വീണ്ടും പ്രചരിച്ചു.

ഈ വിഡിയോ ശ്രദ്ധയില്‍പെട്ട യുവാവിന്‍റെ അമ്മ അന്നത്തെ വധുവിനെ കണ്ടെത്തി പ്രണയിച്ചുകൂടെ എന്ന് ചോദിക്കുകയയിരുന്നു. ഇതോടെ യുവാവ് നഴ്‌സറിയിലെ അധ്യാപികയുടെ സഹായത്തോടെ അന്നത്തെ 'വധു'വിനെ അന്വേഷിച്ചിറങ്ങി. തിരച്ചിലിനൊടുവില്‍ യുവതിയെ കണ്ടെത്തുകയും ചെയ്തു.  തുടര്‍ന്ന് വീണ്ടും പഴയ സൗഹൃദം പുതുക്കിയ ഇരുവരും വൈകാതെ പ്രണയത്തിലാവുകയും തുടര്‍ന്ന് വിവാഹിതരാവുകയും ചെയ്തു.

പതിറ്റാണ്ടുകള്‍ക്കിപ്പുറം ജീവിതത്തിലും ഒരുമിക്കാനായതിന്‍റെ സന്തോഷത്തിലാണ് ഇരുവരും. ഇവരുടെ വിവാഹ വിഡിയോ ഇതിനോടകം കണ്ടത് ലക്ഷക്കണക്കിന് പേരാണ്.. വിഡിയോ കാണാം

ENGLISH SUMMARY:

Kids who played roles of husband and wife in kindergarten get married 20 years later