death-girl

പ്രതീകാത്മക ചിത്രം.

TOPICS COVERED

സ്കൂള്‍ ഫീസ് അടയ്ക്കാത്തതിന്‍റെ പേരില്‍ ടീച്ചര്‍ ക്ലാസിനു വെളിയില്‍ നിര്‍ത്തിയ വിഷമത്തില്‍ എട്ടാംക്ലാസുകാരി ജീവനൊടുക്കി. ഒരു ദിവസം മുഴുവന്‍ വിദ്യാര്‍ഥിനിയെ ക്ലാസില്‍ കയറാന്‍ അനുവദിച്ചില്ല. ഇത് കുട്ടിക്ക് കടുത്ത മാനസിക വിഷമമാണുണ്ടാക്കിയത്. ഇതിനുശേഷം കുട്ടി സ്കൂളില്‍ പോകാന്‍ മടി കാണിച്ചുവെന്ന് മാതാപിതാക്കള്‍. പരീക്ഷയെഴുതാന്‍ പോലും സ്കൂള്‍ അധികൃതര്‍ അനുവദിച്ചില്ല എന്ന ആരോപണവും ഇവര്‍ ഉന്നയിക്കുന്നു.

ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. ഗോദാദരയിലുള്ള ആദര്‍ശ് പബ്ലിക് സ്കൂളാണ് വിവാദത്തില്‍പെട്ടിരിക്കുന്നത്. മാതാപിതാക്കള്‍ ജോലിക്കുപോയ സമയത്താണ് പെണ്‍കുട്ടി ജീവനൊടുക്കിയത്. സ്കൂള്‍ അധികൃതര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന് കുട്ടിയിടെ മാതാപിതാക്കള്‍. ‘അവളെ പരീക്ഷ എഴുതാന്‍ പോലും അവര്‍ സമ്മതിച്ചില്ല. അടുത്തമാസം പണം അടയ്ക്കാം എന്ന് പറഞ്ഞതാണ്. പക്ഷേ എന്‍റെ കുട്ടിയെ അവര്‍ ക്ലാസിനു വെളിയിലാക്കി. അന്ന് കരഞ്ഞുകൊണ്ടാണ് കുട്ടി വീട്ടിലെത്തിയത്. പിന്നീട് സ്കൂളിലേക്ക് പോകുന്ന കാര്യം പറയുമ്പോള്‍ തന്നെ അവള്‍ക്ക് വലിയ ബുദ്ധിമുട്ടായിരുന്നു’ എട്ടാംക്ലാസുകാരിയുടെ അച്ഛന്‍ രാജു ഖാതിക് മാധ്യമങ്ങളോട് പറഞ്ഞു.

എന്നാല്‍ ഈ വാദം അപ്പാടെ തള്ളുകയാണ് സ്കൂള്‍ അധികൃതര്‍ ചെയ്തത്. കുട്ടിയുടെ മരണത്തില്‍ സ്കൂളിന് യാതൊരു പങ്കുമില്ല. മാതാപിതാക്കള്‍ അനാവശ്യ ആരോപണങ്ങളാണ് ഉന്നയിക്കുന്നത് എന്ന് സ്കൂള്‍ അഡ്മിനിസ്ട്രേറ്റര്‍ മുകേഷ്ഭായ് പറഞ്ഞു. ‘ഫീസിനെക്കുറിച്ച് വിദ്യാര്‍ഥികളോട് യാതൊന്നും പറഞ്ഞിട്ടില്ല. ഇത്തരം കാര്യങ്ങള്‍ മാതാപിതാക്കളെ നേരിട്ടാണ് അറിയിക്കാറുള്ളത്. ഇത് കൃത്യമായി രേഖപ്പെടുത്തി വയ്ക്കാറുമുണ്ട്. മരണപ്പെട്ട വിദ്യാര്‍ഥിനിയുടെ ഫീസ് വിവരത്തെപ്പറ്റി മാതാപിതാക്കളെ അറിയിച്ചിരുന്നു. ഫീസ് അടയ്ക്കേണ്ട ദിവസം കഴിഞ്ഞിട്ടും മറുപടിയൊന്നും ലഭിച്ചില്ല. വിദ്യാര്‍ഥിനിയെ പരീക്ഷ എഴുതാന്‍ അനുവദിച്ചിരുന്നു.

പിന്നീട് അമ്മയ്ക്ക് സുഖമില്ല എന്നുപറഞ്ഞ് കുട്ടി സ്കൂളില്‍ വന്നില്ല. പക്ഷേ അയല്‍വാസിയുമായി പെണ്‍കുട്ടി ചില പ്രശ്നങ്ങളില്‍ ഏര്‍പ്പെട്ടു അതുകൊണ്ട് വീട്ടുകാര്‍ അവളെ പൂട്ടിയിട്ടു എന്ന് കൂട്ടുകാരില്‍ നിന്ന് ഞങ്ങള്‍ക്ക് വിവരം ലഭിച്ചു. മാതാപിതാക്കള്‍ പെണ്‍കുട്ടിയെ ഉപദ്രവിച്ചുവെന്നും അറിഞ്ഞു. ഇതാവാം കാരണം. സ്കൂളിനെതിരായ ആരോപണം തെറ്റാണ്’ എന്നും അദ്ദേഹം വ്യക്തമാക്കി. 

പ്രിയങ്ക നഗര്‍ സൊസൈറ്റിയിലാണ് പെണ്‍കുട്ടിയുടെ വീട്. അച്ഛന്‍ രാജു ഖാതിക് ഓട്ടോ ഡ്രൈവറാണ്. ഭാര്യയും രണ്ട് പെണ്‍കുട്ടികളും ഒരാണ്‍കുട്ടിയുമാണ് രാജുവിന്. മൂത്ത കുട്ടിയും ആദര്‍ശ് പബ്ലിക് സ്കൂളിലാണ് പഠിക്കുന്നത്. ഫീസ് നല്‍കാന്‍ താമസിച്ചതിന് മൂത്ത കുട്ടിയെ സ്കൂളിലെ ശുചിമുറിക്ക് സമീപം നിര്‍ത്തി എന്ന ആരോപണവും കുടുംബം ഉന്നയിക്കുന്നു. വിഷയത്തില്‍ വിദ്യാഭ്യാസ വകുപ്പ് ഇടപെട്ടു. പൊലീസ് അന്വേഷണം നടക്കുകയാണ്.

ENGLISH SUMMARY:

Dispute over student's death sparks heated debate in Gujarat. Student’s family alleges she was prevented from sitting an internal exam due to unpaid school fees.The family claims that the school punished the young girl by making her stand outside the classroom for an entire day. The school states that the incident has no connection to the school. The girl had issues with someone in the neighbourhood, and her family locked her in a room, possibly even tortured her states the school administrator.