വിവാഹമോചനം ആവശ്യപ്പെട്ട് ഭാര്യ പെറ്റിഷന്‍ ഫയല്‍ ചെയ്തതോടെ സ്വയം തീ കൊളുത്തി ജീവനൊടുത്തി ഭര്‍ത്താവ്. വിവാഹമോചനത്തില്‍ നിന്ന് ഭാര്യയെ പിന്തിരിപ്പിക്കുന്നതില്‍ പരാജയപ്പെട്ടതോടെയാണ് യുവാവ് കടുംകൈ ചെയ്തതെന്ന് പൊലീസ്. ബെംഗളൂരുവിലെ നാഗര്‍ഭാവിയിലാണ് സംഭവം.
മജ്ഞുനാഥ് (39) എന്നയാളാണ് മരിച്ചത്. സ്വന്തമായി ഒരു കാബുണ്ട്. ഇതായിരുന്നു വരുമാനമാര്‍ഗവും. 2013ലാണ് മജ്ഞുനാഥ് വിവാഹിതനായത്. വിവാഹശേഷം ഭാര്യയ്ക്കൊപ്പം ബെംഗളൂരുവില്‍ ഒരു ഫ്ലാറ്റെടുത്ത് താമസം ആരംഭിച്ചു. ദമ്പതികള്‍ക്ക് ഒന്‍പതു വയസ്സുള്ള മകനുണ്ട്. ചില അസ്വാരസ്യങ്ങളെ തുടര്‍ന്ന് മജ്ഞുനാഥ് ഭാര്യയെവിട്ട് ഒറ്റയ്ക്കായിരുന്നു രണ്ടു വര്‍ഷത്തോളമായി താമസം.
പിന്നാലെ ഭാര്യ വിവാഹമോചനം ആവശ്യപ്പെട്ട് രംഗത്തെത്തി. എന്നാല്‍ ഭാര്യയുടെ അടുത്തെത്തി വിവാഹമോചനത്തില്‍ നിന്ന് പിന്മാറണമെന്ന് മജ്ഞുനാഥ് ആവശ്യപ്പെട്ടു. എന്നാല്‍ ഭാര്യ ഇത് അംഗീകരിച്ചില്ല. മാത്രമല്ല മജ്ഞുനാഥിനൊപ്പമുള്ള ജീവിതം തനിക്ക് ദുരിതമാണ് സമ്മാനിച്ചതെന്നും ഭാര്യ പറഞ്ഞു. ഇതാണ് ആത്മഹത്യയ്ക്ക് കാരണമായതെന്ന് പൊലീസ്.
ഭാര്യയോട് സംസാരിച്ച് പോയതിനു ശേഷം മജ്ഞുനാഥ് പെട്രോളുമായി തിരിച്ചെത്തി. ഭാര്യയുടെ മുന്നില്‍ വച്ച് പെട്രൊള്‍ ദേഹത്തൊഴിച്ച് തീകൊളുത്തുകയായിരുന്നു. മജ്ഞുനാഥിന്‍റെ മരണത്തിന്‍റെ പൂര്‍ണ ഉത്തരവാദി ഭാര്യയാണെന്ന് ഇയാളുടെ മാതാപിതാക്കള്‍ ആരോപിച്ചു. സംഭവത്തില്‍ ജ്ഞാനഭാരതി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.