വാഹനാപകടത്തില്‍ ഭര്‍ത്താവ് മരിച്ചതിനു തൊട്ടുപിന്നാലെ ഗര്‍ഭിണിയായിരുന്ന ഭാര്യ പ്രസവിച്ചു. ഇരുവരും സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ട് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പിന്നാലെയാണ് ഇത്. യുവതിയുടെ ഭര്‍ത്താവ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. ആശുപത്രിയില്‍ എത്തിച്ച് ഒരു മണിക്കൂറിനകം യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കി.
ഭോപ്പാൽ ലാല്‍ഖട്ടിയിലുള്ള ഹലാല്‍പുര്‍ ബസ് സ്റ്റാന്‍ഡിന് സമീപമാണ് അപകടമുണ്ടായത്. നിയന്ത്രണംവിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ചുമറിയുകയായിരുന്നു. മഹേന്ദ്ര മേവാഡ എന്നയാളാണ് കാര്‍ ഓടിച്ചിരുന്നത്. മഹേന്ദ്രയും കാറിലുണ്ടായിരുന്ന ബന്ധു സതീഷ് മേവാഡയും തൽക്ഷണം മരിച്ചു. ഓടിക്കൂടിയ നാട്ടുകാരാണ് ഗര്‍ഭിണിയെ ആശുപത്രിയിലെത്തിച്ചത്.
പ്രസവ വേദന അനുഭവപ്പെട്ട യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് അപകടമുണ്ടായതെന്ന് ബാബ്ലി പൊലീസ് വ്യക്തമാക്കി. മഹേന്ദ്രയുടെ അമ്മയും ബന്ധുവായ മറ്റൊരു സ്ത്രീയും കാറിലുണ്ടായിരുന്നു. ഇവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.